നടൻ ധർമജൻ ബോൾഗാട്ടിയ്‌ക്കെതിരെ കേസ്; 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി

0

കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയ്‌ക്കെതിരെ കേസ്. സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ഇടപാടിൽ വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധര്‍മജന്‍ അടക്കം 11 പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് ധര്‍മജനും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

പണം വാങ്ങിയ ശേഷം മീന്‍ തനിക്ക് വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതായിരുന്നു. 2019 നവംബര്‍ 16 നാണ് കോതമംഗലത്ത് ഫ്രാഞ്ചൈസി തുടങ്ങിയത്. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ തന്നെ ഇവര്‍ മത്സ്യ വിതരണം നിര്‍ത്തി. ഇതോടെ തന്റെ പണം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് പരാതിക്കാരന്‍ പറയുന്നു. തന്നോട് വാങ്ങിയ പണം തിരികെ തന്നില്ല. ഇതിലൂടെ വിശ്വാസ വഞ്ചനയാണ് ധര്‍മജന്‍ കാണിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ട കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഐ.പി.സി 406, 402, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് ധര്‍മജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും ധര്‍മജന്‍ അടക്കമുള്ളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply