മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ട വയോധിക മരിച്ചു

0

അമ്പലപ്പുഴ: മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ട വയോധിക മരിച്ചു. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ ആമയിട സ്വദേശിനിയായ അറുപത്തിനാലുകാരിയാണ്‌ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്‌. ആക്രമണവുമായി ബന്ധപ്പെട്ട്‌ നാഗമംഗലം കോളനിയില്‍ സുനീഷി(അപ്പു-22)നെ അമ്പലപ്പുഴ പോലീസ്‌ വെള്ളിയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
25 ന്‌ രാത്രിയായിരുന്നു സംഭവം. സമീപവാസിയായ പ്രതി തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ വയോധികയെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്‌, പണം എന്നിവ കവരുകയുമായിരുന്നു. തുടര്‍ന്ന്‌ ടോര്‍ച്ചുകൊണ്ട്‌ ആക്രമിച്ചശേഷം പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വയോധികയെ പിന്നീട്‌ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണു മരണമടഞ്ഞത്‌.
ഡിവൈ.എസ്‌.പി: എസ്‌.ടി സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ്‌ സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ തോപ്പുംപടിയില്‍നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിരവധി കേസുകളിലെ പ്രതിയാണ്‌ സുനീഷ്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here