വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ വീട്ടിലും കാറില്‍നിന്നുമായി ഡി.എന്‍.എ. സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിച്ചു

0

മലപ്പുറം : നിലമ്പൂരില്‍ മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ വീട്ടിലും കാറില്‍നിന്നുമായി ഡി.എന്‍.എ. സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിച്ചു.
മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ മുക്കട്ടയിലെ കൊലപാതകം നടന്ന വീട്ടില്‍ രണ്ടുദിവസങ്ങളിലായി ഫോറന്‍സിക്‌ വിദഗ്‌ധര്‍ നടത്തിയ പരിശോധനയിലാണു രക്‌തക്കറ, മുടി ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചത്‌. കൊല്ലപ്പെട്ട വൈദ്യന്‍ ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയില്‍നിന്നു കൊലപാതകശേഷം മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തില്‍നിന്നും മൃതദേഹം പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാറില്‍നിന്നുമായാണ്‌ തെളിവു ലഭിച്ചത്‌.
ഷൈബിന്റെ ഹോണ്ടാ സിറ്റി ആഡംബര കാറില്‍നിന്നു ലഭിച്ച മുടി നിര്‍ണായക തെളിവാകുമെന്നാണ്‌ ഫോറന്‍സിക്‌ സംഘത്തിന്റെ വിലയിരുത്തല്‍.
ഡി.എന്‍.എ. സാമ്പിളുകള്‍ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്ന്‌ തെളിയിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നു പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കിയ തൃശൂര്‍ ഫോറന്‍സിക്‌ ലാബ്‌ ഡി.എന്‍.എ. അനാലിസിസ്‌ ഡയറക്‌ടര്‍ കെ. ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു.
നവീകരണത്തിന്റെ ഭാഗമായി ഷൈബിന്റെ വീടിന്റെ ശുചിമുറിയില്‍നിന്നു മാറ്റിയ ടൈല്‍, സിമെന്റ്‌, മണ്ണ്‌, ശൗചാലയത്തിന്റെ പൈപ്പ ്‌തുടങ്ങിയവയും പരിശോധനയ്‌ക്ക്‌ എടുത്തിട്ടുണ്ട്‌. ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ്‌ ഫോറന്‍സിക്‌ സംഘത്തിന്‌ കൈമാറി. പെന്‍ഡ്രൈവില്‍നിന്നു നീക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്നു ഫോറന്‍സിക്‌ വിദഗ്‌ധര്‍ പറഞ്ഞു.പ്രതി നൗഷാദ്‌ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌പരിശോധന നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here