സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്‌ഥാനം ഈ വര്‍ഷം വായ്‌പ ഇനത്തില്‍ പ്രതീക്ഷിക്കുന്നത്‌ 39,116 കോടി രൂപ; നികുതിയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയും

0

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്‌ഥാനം ഈ വര്‍ഷം വായ്‌പ ഇനത്തില്‍ പ്രതീക്ഷിക്കുന്നത്‌ 39,116 കോടി രൂപ; നികുതിയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയും. രണ്ടും നടന്നില്ലെങ്കില്‍ കേരളത്തിന്റെ നട്ടെല്ലൊടിയും. 5000 കോടി രൂപ വായ്‌പയെടുക്കാന്‍ അനുവദിച്ചു കേന്ദ്രം താല്‍ക്കാലികാശ്വാസം നല്‍കിയെങ്കിലും മറികടക്കേണ്ട കടമ്പകള്‍ അതികഠിനം.
39,116.62 കോടി രൂപ ഈ സാമ്പത്തികവര്‍ഷം വായ്‌പയെടുക്കാനാവും എന്ന പ്രതീക്ഷയിലാണ്‌ സംസ്‌ഥാനത്തിന്റെ ബജറ്റ്‌ പോലും തയാറാക്കിയിട്ടുള്ളത്‌. എന്നാല്‍ ഈ വായ്‌പയുടെ കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുക്കാത്തതാണ്‌ സംസ്‌ഥാനത്തെ വലിയ ആശങ്കയിലാക്കിയിരിക്കുന്നത്‌. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തില്‍ 17,000 കോടിയോളം രൂപ കുറയുന്ന സാഹചര്യം കൂടിയുള്ളതിനാല്‍ വായ്‌പകളില്‍ കേന്ദ്രം പുനഃക്രമീകരണം നടത്തുകയാണെങ്കില്‍ അതു സംസ്‌ഥാനത്തിന്‌ വന്‍ ആഘാതമായിരിക്കും.
1,34,097.80 കോടിയുടെ റവന്യൂവരവാണ്‌ ഈ സാമ്പത്തികവര്‍ഷം സംസ്‌ഥാനം പ്രതീക്ഷിക്കുന്നത്‌. 74,097.55 കോടി രൂപ സംസ്‌ഥാനത്തിന്റെ സ്വന്തം നികുതിവരുമാനമാണ്‌. ഇതില്‍ 36,818.28 കോടി ജി.എസ്‌്.ടിയില്‍ നിന്നുള്ള പ്രതീക്ഷയാണ്‌. ഇന്ധനത്തില്‍നിന്ന്‌ 24,964.65 കോടി രൂപയും. എന്നാല്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസത്തില്‍ തന്നെ ഇന്ധനനികുതിയില്‍ വന്‍ ഇടിവുണ്ടായത്‌ ധനവകുപ്പിനെ വല്ലാത്ത ആശങ്കയിലാക്കിയിട്ടുണ്ട്‌. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതയില്ലായ്‌മ കാരണം കഴിഞ്ഞമാസങ്ങളില്‍ മദ്യവരുമാനത്തില്‍ ഉണ്ടായ കുറവും 14 % നികുതിവളര്‍ച്ച എന്ന ലക്ഷ്യത്തിനു വെല്ലുവിളിയാണ്‌.
ജി.എസ്‌.ടി നഷ്‌ടപരിഹാരം തുടരില്ലെന്നു കേന്ദ്രം വ്യക്‌തമാക്കിയതിനാല്‍ നികുതി പിരിവ്‌ കാര്യക്ഷമമായില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു ധനവകുപ്പ്‌ വ്യക്‌തമാക്കുന്നു. 2020-21 വര്‍ഷത്തില്‍ സംസ്‌ഥാനത്തിന്റെ തനത്‌ നികുതിവരുമാനത്തില്‍ 5.29 ശതമാനത്തിന്റെ തളര്‍ച്ചയുണ്ടായി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ നികുതിയിനങ്ങളിലുമുണ്ടായ ഈ കുറവില്‍നിന്നു വളര്‍ച്ചയുടെ പാതയിലേക്കു തിരിച്ചെത്തിയില്ലെങ്കില്‍ തിരിച്ചടി അതിഭീകരമായിരിക്കും. പ്രത്യേകിച്ചും തനത്‌ റവന്യൂവരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശയ്‌ക്കുമായി മാറ്റിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍.
ചെലവുചുരുക്കല്‍ നടപടികള്‍ കൊണ്ടു മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ്‌ സാമ്പത്തികവിദഗ്‌ധര്‍ പറയുന്നത്‌. അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നതിനൊപ്പം വരുമാനം കൂട്ടാനുള്ള നടപടികള്‍ വേണമെന്നും അല്ലെങ്കില്‍ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here