സിൽവർലൈൻ പദ്ധതിയുടെ സർവേ സംബന്ധിച്ചു കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നു ഹൈക്കോടതി

0

കൊച്ചി ∙ സിൽവർലൈൻ പദ്ധതിയുടെ സർവേ സംബന്ധിച്ചു കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നു ഹൈക്കോടതി. പദ്ധതിയിൽ 49% ഓഹരി പങ്കാളിത്തമുള്ള കേന്ദ്രസർക്കാർ സർവേ സംബന്ധിച്ചു വ്യക്തത വരുത്തണമായിരുന്നെന്നും ഇൗ നിലപാട് ആശ്ചര്യപ്പെടുത്തിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.

എന്താണ് ചെയ്യാൻ പോകുന്നതെന്നു കേന്ദ്രസർക്കാരിനു പറയാമായിരുന്നു. സർവേ നടത്താനാവില്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും സുപ്രീം കോടതിയും സാമൂഹിക ആഘാത പഠനം അനുവദിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

പദ്ധതിക്കായി കെറെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഇപ്പോൾ ആശങ്ക വേണ്ട സിൽവർലൈൻ പദ്ധതിക്കായി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന് ആശങ്ക വേണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക ആഘാത പഠനത്തിനുള്ള സർവേ മാത്രമാണു നടക്കുന്നതെന്നും ഭൂമി ഏറ്റെടുക്കലല്ല എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർവേ കല്ലുകൾ സ്ഥാപിച്ചതിന്റെ പേരിൽ ഒരിഞ്ചു ഭൂമി പോലും മരവിപ്പിച്ചിട്ടില്ലെന്നാണു കോടതിക്കു ലഭിച്ച വിവരം. ഈ ഭൂമി പണയംവച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക ആഘാത പഠനത്തിനു സുപ്രീം കോടതി അനുമതിയുണ്ട്. സർവേ മുന്നോട്ടുപോകണം. ഡിസംബറിൽ ഹർജി പരിഗണിച്ചപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോൾ. അന്നു ചില ആശങ്കകളുണ്ടായിരുന്നു. എന്നാൽ നിയമപ്രകാരമാണോ സർവേ നടത്തുന്നതെന്നു പരിശോധിക്കാം. ഇത്തരത്തിലുള്ള കല്ലുകൾ സ്ഥാപിക്കാനാകുമോ, മുൻകൂർ നോട്ടിസ് നൽകാതെ സർവേ നടത്താനാകുമോയെന്ന രണ്ടു ചോദ്യങ്ങളാണ് ഇപ്പോൾ പ്രസക്തം. ഇക്കാര്യത്തിൽ വ്യക്തത വേണം.

സിൽവർലൈൻ മാഹിയിലൂടെ കടന്നുപോകുന്നുണ്ടെന്നും ആ നിലയ്ക്കു കേരള സർക്കാരിനു സർവേ നടത്താൻ അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചെങ്കിലും ഇപ്പോഴത്തെ നിലയിൽ പദ്ധതി മാഹിയിലൂടെ കടന്നു പോകുന്നില്ലെന്ന് റെയിൽവേ അഭിഭാഷകൻ അറിയിച്ചു. തുടർന്നു ഹർജികൾ ഇന്നു പരിഗണിക്കാനായി മാറ്റി.

∙ ‘സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത് ഇടനിലക്കാരുമായി ചർച്ച നടത്തി കിട്ടിയ ഉറപ്പിനു ശേഷമാണ്. ബിജെപിയുമായി നടത്തുന്ന ഒത്തുതീർപ്പുകളിൽ ഒന്നാണിത്. പ്രധാനമന്ത്രിയുടെ ശരീരഭാഷയല്ല സിൽവർലൈൻ പദ്ധതിക്കു കേന്ദ്രം അനുകൂലമാണെന്നു പിണറായിയെ തോന്നിപ്പിച്ചത്. ഇടനിലക്കാരുടെ ഉറപ്പാണ്. പദ്ധതിക്കു പിന്നാലെ പിണറായി നടക്കുന്നതിനാൽ ഭരണം തകർന്നിരിക്കുന്നു.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here