റജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽനിന്ന് ആറു മാസം മുൻപുള്ള കുടിക്കട (ബാധ്യത) സർട്ടിഫിക്കറ്റുകൾ പിൻവലിച്ചു

0

തിരുവനന്തപുരം ∙ റജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽനിന്ന് ആറു മാസം മുൻപുള്ള കുടിക്കട (ബാധ്യത) സർട്ടിഫിക്കറ്റുകൾ പിൻവലിച്ചു. പഴയ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു ലഭ്യമല്ലാത്തതിനാൽ ഭൂരേഖകളുടെ അടിസ്ഥാനത്തിൽ വായ്പയും മറ്റു സേവനങ്ങളും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അനുവദിക്കാതെ വന്നതോടെ ജനങ്ങൾ വെട്ടിലായി. റജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളുടെ ഒടുവിലത്തേതാണ് ബാധ്യതാ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ.

സബ് റജിസ്ട്രാർമാരാണ് ബാധ്യതാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഇതിന്റെ പ്രിന്റ്ഔട്ട് ബാങ്കുകളിൽ സമർപ്പിക്കുമ്പോൾ അവർ ആധികാരികത പരിശോധിക്കാൻ ഇതിലെ നമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ തിരയും. എന്നാൽ, ആറു മാസം മുൻപുള്ള സർട്ടിഫിക്കറ്റുകളാണെങ്കിൽ ഇതു നിലവിൽ ഇല്ല എന്നാണു മറുപടി. ഭൂരേഖകളുമായി ബാങ്കിൽ എത്തുന്ന അപേക്ഷകൻ ഇതോടെ നിരാശനായി മടങ്ങേണ്ടി വരും. തുടർന്നു പുതിയ സർട്ടിഫിക്കറ്റിനായി വീണ്ടും അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.

സാധാരണ ഒരു വ്യക്തി നിശ്ചിത കാലയളവു വരെയുള്ള ബാധ്യതാ സർട്ടിഫിക്കറ്റ് ഒരിക്കൽ വാങ്ങിയാൽ, പിന്നീടുള്ള കാലത്തേക്കാണു പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുക. റജിസ്ട്രേഷൻ വകുപ്പിൽ ഇ സ്റ്റാംപിനായി നൽകുന്ന അപേക്ഷകളും ജനങ്ങളെ വലയ്ക്കുന്നുണ്ട്. വകുപ്പിന്റെ വെബ്സൈറ്റും ഇ ട്രഷറി സൈറ്റുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം. പലപ്പോഴും നടപടി പൂർത്തിയാക്കാനാകാതെ പണം നഷ്ടപ്പെട്ട് ഉപയോക്താവ് പ്രയാസത്തിലാകുന്ന സ്ഥിതിയാണ്. പഴയ ബാധ്യതാ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്ത പ്രശ്നം പരിശോധിക്കുമെന്നും വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും റജിസ്ട്രേഷൻ ഐജി പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here