തോമസിനെ സെമിനാറിൽ “വിലക്കാൻ’ സുധാകരൻ ഡൽഹിയിൽ

0

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടു നടക്കുന്ന സെമിനാറിൽ കെ.വി. തോമസിനെ വീണ്ടും ക്ഷണിച്ചു സിപിഎം. പങ്കെടുക്കുമെന്ന് ഉറപ്പു നല്കിയതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനും. എന്നാൽ, സെമിനാറിൽ പങ്കെടുന്ന കാര്യത്തിൽ നാളെ മറുപടി നല്കാമെന്നു കോൺഗ്രസ് നേതാവ് കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

സുധാകരൻ ഡൽഹിയിൽ

ഇതിനിടെ, കെ.വി. തോമസിന്‍റെ വിഷയവുമായി ബന്ധപ്പെട്ടു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തി. സെമിനാറിൽ പങ്കെടുത്താൽ നടപടിയെടുക്കണമെന്ന് എഐസിസിയോടു സുധാകരൻ ആവശ്യപ്പെട്ടതായാണ് സൂചന. കെ.വി.തോമസ് പങ്കെടുക്കാൻ പാടില്ലെന്നു സുധാകരൻ ഡൽഹിയിൽ വച്ചും മാധ്യമങ്ങളോടു പറഞ്ഞു.

കെ.വി. തോമസിന്‍റെ നിലപാടിനെതിരേ യൂത്ത് കോൺഗ്രസ് നേതൃത്വവും എഐസിസിക്കു പരാതി നല്കിയിട്ടുണ്ട്.പ്രഫ. കെ.വി. തോമസ് സെമിനാറിൽ പങ്കെടുക്കുമെന്നു സിപിഎം നേതാക്കൾക്ക് ഉറപ്പു നല്കിയതിനാലാണ് സെമിനാറുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ പട്ടികയിൽ കെ.വി. തോമസിന്‍റെ പേര് ഉൾപ്പെടുത്താൻ കാരണമെന്നാണ് അറിയുന്നത്.

ഒന്പതിന് വൈകുന്നേരം അഞ്ചിനു ജവഹർ സ്റ്റേഡിയത്തിൽ “കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലാണ് കെ.വി. തോമസ് പങ്കെടുക്കുക. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

ശശി തരൂരിനെ ഒഴിവാക്കി

എന്നാൽ നാളെ വൈകുന്നേരം അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ “ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശശി തരൂരിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഹൈക്കമാൻഡ് അനുമതി ഇല്ലാത്തതിനാൽ തരൂർ പിൻമാറിയ സാഹചര്യത്തിലാണ് പേര് ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here