സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരിയെ വീണ്ടും തിരഞ്ഞെടുക്കാൻ തന്നെ സാധ്യത

0

കണ്ണൂർ ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരിയെ വീണ്ടും തിരഞ്ഞെടുക്കാൻ തന്നെ സാധ്യത. പ്രായപരിധി വ്യവസ്ഥ ബാധകമാകുന്നതിനാൽ‍ എസ്.രാമചന്ദ്രൻ പിള്ളയും ഹന്നൻ മൊള്ളയും ബിമൻ ബോസും പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാകും.

ഇന്നു പാർട്ടി കോൺഗ്രസിന്റെ സമാപനത്തിലാണ് പുതിയ പൊളിറ്റ് ബ്യൂറോ (പിബി), കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും പ്രഖ്യാപിക്കുക. എസ്ആർപിക്കു പകരം എ.വിജയരാഘവൻ പിബിയിലെത്താനാണ് സാധ്യത. ഹന്ന‍ൻ മൊള്ളയ്ക്കു പകരം അശോക് ദാവ്ളെയും (മഹാരാഷ്ട്ര), ബിമനു പകരം ബംഗാളിൽനിന്ന് ശ്രീദീപ് ഭട്ടചാര്യ, രാമചന്ദ്ര ദോം, സുജൻ ചക്രബർത്തി എന്നിവരിലൊരാളും എത്തിയേക്കും. യുസുഫ് തരിഗാമി (കശ്മീർ) യുടെ പേരും പരിഗണനയിലുണ്ട്.

ദലിത് വിഭാഗത്തിൽനിന്ന് ഒരാൾ പിബിയിലെത്തുമോ എന്നതു വ്യക്തമല്ല. ഇന്നത്തേക്കു കാത്തിരിക്കൂ എന്നാണു ചോദ്യത്തോടു പ്രകാശ് കാരാട്ട് പ്രതികരിച്ചത്. സിസി അംഗങ്ങളിൽ രാമചന്ദ്ര ദോം ദലിത് വിഭാഗത്തിൽനിന്നാണ്, കേരളത്തിൽനിന്ന് എ.കെ.ബാലനും കെ.രാധാകൃഷ്ണനുമുണ്ട്.

കേരള സിസി അംഗങ്ങളിൽ, എസ്ആർപിക്കു പുറമേ, വൈക്കം വിശ്വനും പി.കരുണാകരനും ഒഴിയും. പി.രാജീവും കെ.എൻ.ബാലഗോപാലുമാണ് പകരം പരിഗണിക്കപ്പെടുന്നത്. യുവതലമുറക്കാർ ആരെങ്കിലും വരുമോ എന്നതും ആകാംക്ഷ.

ചില വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളുമുള്ളതിനാൽ എം.സി.ജോസഫൈനെ സിസിയിൽനിന്ന് ഒഴിവാക്കാനിടയുണ്ട്. സാമുദായിക പരിഗണനയാണ് ജോസഫൈൻ തുടരാനുള്ള അനുകൂല ഘടകം. ജോസഫൈനെ ഒഴിവാക്കിയാൽ പി.സതീദേവി, ടി.എൻ.സീമ‌, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരിലൊരാളെ പരിഗണിച്ചേക്കും. ത്രിപുരയിൽനിന്നു ദലിത് വിഭാഗക്കാരിയായ മുൻ എംപി ജർണ ദാസ് ബൈദ്യ സിസിയിലെത്താം.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. സെക്രട്ടേറിയറ്റ് അംഗങ്ങൾ ഡൽഹിയിൽ പ്രവർത്തിക്കേണ്ടതിനാൽ അതിലുൾപ്പെടാൻ താൽപര്യമില്ലെന്നു കേരളത്തിൽനിന്നുള്ള ചില സിസി അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here