കൂവപ്പടി അഭയഭവൻ്റെ സ്നേഹപരിചരണങ്ങളിൽ റോബർട്ടിന് ഓർമ ലഭിച്ചു ഒപ്പം ഉറ്റവരേയും

0

പെരുമ്പാവൂർ: ഊട്ടി സ്വദേശിയായ റോബർട്ട് കൂവപ്പടി ബെത്ലഹേം അഭയഭവനിലെത്തിയത് രണ്ട് വർഷം മുമ്പാണ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ഇയാളെ പെരുമ്പാവൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ഗോപാലകൃഷ്ണനും നാട്ടുകാരും ചേർന്നാണ് അഭയഭവനിലെത്തിച്ചത്. രണ്ടു വർഷത്തോളം ഇവിടെ താമസിച്ചു. അഭയഭവനിലെത്തുമ്പോൾ ഓർമ ലവലേശമില്ലായിരുന്നു റോബർട്ടിന്. മാനസീക നില പൂർണമായും തകർന്ന നിലയിലായിരുന്നു.

അഭയഭവനിലെ സ്നേഹ പരിചരണങ്ങൾക്കൊടുവിൽ റോബർട്ടിന് ഓർമകൾ തിരികെ ലഭിച്ചു. മനസിൻ്റെ താളപ്പിഴകളും മാറി പൂർണ സുഖംപ്രാപിച്ചു. ജനിച്ചു വളർന്ന നാടിനേയും സ്വന്തക്കാരെയും ഓർത്തെടുത്തു. മേരി ചേച്ചിയോട് വീട്ടിലേക്ക് തിരികെ പോകണമെന്ന് പറഞ്ഞ് മേൽവിലാസം നൽകി. ഉടൻ തന്നെ പറഞ്ഞ മേൽവിലാസത്തിലേക്ക് കത്തയച്ചു.

ദിവസങ്ങൾക്കകം മറുപടി എത്തി. റോബർട്ടിനെ കൊണ്ടുപോകാൻ ഉടൻ വരാം എന്നായിരുന്നു മറുപടി. കത്തു കണ്ടപ്പോൾ വളരെ ഏറെ സന്തോഷം തോന്നിയെന്നും മാമൻ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നാണ് കരുതിയതെന്നുമാണ് മരുമകൾ ബസീല എഴുതിയ മറുപടി.

ഇന്നലെ റോബർട്ടിൻ്റെ സഹോദരിയും സഹോദരിയുടെ മകളും അഭയഭവനിലെത്തി. വർഷങ്ങൾക്കു ശേഷം സഹോദരനെ കണ്ട സന്തോഷത്തിലായിരുന്നു റോബർട്ടിൻ്റെ സഹോദരി വേളാങ്കണ്ണി. ഒടുവിൽ അഭയഭവനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മേരി അമ്മയോടും ജീവനക്കാരോടും നന്ദിയും പറഞ്ഞ് റോബർട്ട് ഊട്ടിയിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here