കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ എന്ന് പറയുന്ന അമ്മായിഅമ്മ; സുവ്യ ജീവനൊടുക്കിയത് ശാരീരികവും മാനസികവുമായ പീഡനം താങ്ങാനാകാതെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

0

കൊല്ലം: ആത്മഹത്യ ചെയ്ത സുവ്യയെ ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ. കൊല്ലം കിഴക്കേക്കല്ലടയിലെ സുവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ​ഗുരുതരമായ ആരോപണങ്ങളാണ് വീട്ടുകാർ ഉയർത്തുന്നത്. കറുത്ത പെൺകുട്ടി എന്ന് പറഞ്ഞ് ഭർതൃമാതാവ് വിജയമ്മ സുവ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭർത്താവ് അജയകുമാറും ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും സുവ്യയുടെ അമ്മയുടെ സഹോദരി പറഞ്ഞു.

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ ഇന്നലെ പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി എടുക്കാൻ പൊലീസ് എത്തും. ആദ്യം തൊട്ടേ, കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ എന്ന് അജയകുമാറിനോട് വിജയമ്മ പറയുവായിരുന്നു. ചെവിക്കല്ല് പൊട്ടുന്ന തരത്തിൽ അജയകുമാർ അടിക്കാറുണ്ടായിരുന്നുവെന്ന് പലപ്പോഴും സുവ്യ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നു.

എഴുകോൺ കടയ്ക്കോട് സുവ്യ ഭവനിൽ കെ.സുഗതന്റെയും അമ്പിളിയുടെയും മകൾ എ.എസ്.സുവ്യയാണ് (34) ജീവനൊടുക്കിയത്. സുഗതന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്സാപ്പിൽ അയച്ച ശബ്ദസന്ദേശത്തെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. സുവ്യ കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭർതൃമാതാവായ വിജയമ്മയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് സന്ദേശത്തിൽ സുവ്യ പറയുന്നു. ‘ജീവിതം മടുത്തു, എനിക്കിനി സഹിക്കാൻ വയ്യ. എന്നും ഇറങ്ങിപ്പോ, ഇറങ്ങിപ്പോ എന്നു പറയും. അയാൾ ഒരക്ഷരം മിണ്ടുന്നില്ല. ഞാൻ എത്ര തവണ ചോദിച്ചാലും മിണ്ടില്ല. അവർ ഇറങ്ങിപ്പോ എന്നു പറയുമ്പോ ചിരിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും പറയാൻ മനസ്സില്ല. നമ്മൾ ഇവിടുത്തെ വെറും ഏഴാംകൂലി. രാവിലെ തൊട്ട് എന്നെ ചീത്തവിളിയാണ്.’– ശബ്ദസന്ദേശത്തിൽ സുവ്യ പറയുന്നു.

‘എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം. പ്ലീസ്.. എനിക്ക് പറ്റാത്തതുകൊണ്ടാണ്. മോനെ നോക്കാൻ പറയണം. എനിക്കിനി അവിടെ വന്നു നിൽക്കാൻ വയ്യ. കൊച്ചിനെ എന്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്കു വയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണിത്.’ – മറ്റൊരു ശബ്ദസന്ദേശത്തിൽ സുവ്യ പറഞ്ഞതിങ്ങനെ.

ഭർതൃവീടായ കിഴക്കേകല്ലട ഉപ്പുട് അജയഭവനത്തിൽ ഞായറാഴ്ച രാവിലെയാണ് സുവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കടയ്ക്കോട് മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു സ്വന്തം വീട്ടിൽ വന്ന സുവ്യ, ശനിയാഴ്ചയാണ് തിരികെ ഭർതൃവീട്ടിലേക്കു പോയത്. ഞായറാഴ്ച രാവിലെ 9 മണിയോടെ സുവ്യ ആത്മഹത്യ ചെയ്തെന്ന് വീട്ടുകാർ സഹോദരൻ വിഷ്ണുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

2014ലാണ് സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യയ്ക്ക് സ്ഥിരംജോലി ഇല്ലായിരുന്നെന്ന് പറഞ്ഞ് അജയകുമാറിന്റെ മാതാവ് വിജയമ്മ നിരന്തരം വഴക്കായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഓണത്തിന് അജയകുമാർ മർദിച്ചതിനെ തുടർന്നു രണ്ടു മാസത്തോളം സുവ്യ സ്വന്തം വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് അജയകുമാർ വന്ന് തിരികെ വിളിച്ചുകൊണ്ട് പോയി. പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തിയിരുന്ന സുവ്യ ചില റാങ്ക് ലിസ്റ്റുകളിൽ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here