കൃഷ്ണമണി മാരാർ പാടുകയാണ് ;
ഗുരുവായൂർ അഷ്ടപദി പുരസ്‌കാരം പയ്യന്നൂരിലേയ്ക്ക്

0

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഇഷ്ടസംഗീതമായ അഷ്ടപദി കീർത്തനങ്ങൾ ശ്രുതിശുദ്ധമായ ഭാവരാഗലയം തീർത്തുകൊണ്ട് സംഗീതമാകുന്ന ഭക്തിയാൽ ക്ഷേത്രസോപാനത്തിങ്കൽ നിന്നുകൊണ്ട് കൃഷ്ണമണി മാരാർ പാടുകയാണ്. ഭക്തിയുടെ ഭാവതീവ്രത മാരാരുടെ കണ്ണുകളിൽ കാണാം. ഇടയ്ക്കിടെ സജലങ്ങളാകുന്ന മിഴികൾ. ഉപാസനയുടെ പുണ്യം കൊണ്ട് സ്വായത്തമായ ജയദേവകൃതികൾ ക്ഷേത്രച്ചുറ്റിൽ ഗംഭീരനാദമായി അലയടിയ്ക്കുമ്പോൾ ഓരോ ഭക്തന്റെയും ഹൃത്തടം ആർദ്രമാക്കുന്ന ആലാപനമികവാണ് സോപാനരത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാരുടേത്. ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ സ്മാരകട്രസ്റ്റിന്റെ(മണ്ണാർക്കാട്) “വാദ്യപ്രവീണപുരസ്കാരം”, അഖിലകേരള മാരാർ ക്ഷേമസഭയുടെ”കലാചാര്യാപുരസ്കാരം, ദുബായ് ഭരതം അവാർഡ്, ഇടവലത്ത് പുടയൂർ തന്ത്രപൈതൃകം ട്രസ്റ്റിന്റെ “ഗാനകേസരി” അവാർഡ്, ഭാഗവതർ സി. കെ. പണിക്കർ സ്മാരകട്രസ്റ്റിന്റെ പുരസ്കാരം, ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം, കണ്ണാടിപ്പറമ്പ് ശ്രീരുദ്രം അവാർഡ്, ക്ഷേത്രകലാരത്ന അവാർഡ്, കലാമണ്ഡലം തുള്ളൽ വിഭാഗം ആദരം അങ്ങനെ നീണ്ടുപോകുന്നു കൃഷ്ണമണിമാരാരുടെ നേട്ടങ്ങളുടെ പട്ടിക. നാറാത്ത് മഹാവിഷ്ണുക്ഷേത്രത്തിനടുത്തുള്ള മാരാരുടെ ‘ശ്രീരാഗത്തിലെ’ ഷോകെയ്‌സിൽ ഇനി സ്ഥാനം പിടിയ്ക്കുന്നത് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരശില്പവും പ്രശസ്തിപത്രവുമാണ്. കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ പാരമ്പര്യ മാരാർ സ്ഥാനികനായ കൃഷ്ണമണിമാരാർ സോപാനസംഗീതത്തിന് നല്കിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് പുരസ്കാരം നൽകാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചിരിക്കുകയാണ്. വിശ്വപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവ മാതൃകയിൽ അഷ്ടപദി സംഗീതോത്സവം നടത്താനും അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നൽകാനും ഗുരുവായൂർ ദേവസ്വം ഈയടുത്തയിടെയാണ് തീരുമാനമെടുത്തത്. അഷ്ടപദി സംഗീതോൽസവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ശ്രീ .ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കൺവീനറായി ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. പ്രാചീന ക്ഷേത്രകലാരൂപമായ അഷ്ടപദിയെ പ്രോത്സാഹിപ്പിക്കാനും ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ഇതാദ്യമായി അഷ്ടപദി സംഗീതോത്സവം നടത്താൻ ദേവസ്വം തീരുമാനിച്ചത്. വൈശാഖ മാസാരംഭമായ മേയ് ഒന്നിനാണ് അഷ്ടപദി സംഗീതോത്സവം. ഏപ്രിൽ 30ന് ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോൽസവം തുടങ്ങുക. അന്നു വൈകുന്നേരം കൃഷ്ണമണി മാരാർക്ക് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിക്കുന്നത്. തുടർന്ന് പുരസ്കാര ജേതാവിന്റെ അഷ്ടപദിക്കച്ചേരിയും അരങ്ങേറും. മേയ് ഒന്നിന് രാവിലെ 7 മുതൽ സംഗീതോത്സവം ആരംഭിക്കും. ദേവസ്വം ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ. ചെങ്ങറ സുരേന്ദ്രൻ മുൻ എം.പി., അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും സന്നിഹിതരായിരുന്നു.

വ്യക്തി വിശേഷം > കൃഷ്ണമണിമാരാർ
…………………………………………………

1947 ജൂലൈ 12 ന് കലാപാരമ്പര്യമുള്ള പയ്യന്നൂർ പൊങ്ങിലാട്ടു വീട്ടിൽ ശങ്കുണ്ണിമാരാരുടെയും(കലാചാര്യ പി.എസ്. മാരാർ) കൊട്ടിലവീട്ടിൽ നാരായണി മാരാസ്യാരുടെയും മകനായി പയ്യന്നൂരാണ് കൃഷ്ണമണിമാരാരുടെ ജനനം. നാലുവയസ്സു മുതൽ ആദ്യ ഗുരുവായ അച്ഛനിൽ നിന്നും ഓട്ടൻതുള്ളൽ, സംഗീതം, സോപാനസംഗീതം, ഇടയ്ക്കഅഷ്ടപതി എന്നിവ അഭ്യസിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അടുത്തു നിന്നും ഡാൻസിന്റെ ബാലപാഠങ്ങൾ പഠിച്ചു. പതിനാറാം വയസ്സിൽ പയ്യന്നൂർ ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നാദസ്വരത്തിന്റെ അടിയന്തിരക്കാരനായി. നീലേശ്വരം പടിഞ്ഞാറെവീട്ടിൽ ഗോവിന്ദമാരാരായിരുന്നു നാദസ്വരത്തിന്റെ ഗുരുനാഥൻ.
പയ്യന്നൂർ പെരുമാളുടെ സോപാനത്തിങ്കൽ അഷ്ടപതി പാടി പെരുമാളുടെയും ഗുരുക്കന്മാരുടെയും കൃപാകടാക്ഷത്താൽ സോപാനസംഗീതത്തിൽ വളരെ
യധികം അറിവ് നേടാൻ സാധിച്ചു. ക്ഷേത്രജോലികാരണം സ്കൂൾ വിദ്യാഭ്യാസം ഒമ്പതാംക്ലാസിൽ അവസാനിപ്പിക്കേണ്ടി വന്നു. സുഹൃത്തുക്കളായ ടി.ടി കൃഷ്ണൻ, കാമ്പ്രത്ത് മാധവൻ, ഭരതൻ, എൻ.കെ. ഭാസ്കരൻ എന്നീ സുഹൃത്തുക്കളുടെ കൂടെ “ശരവണഭവ നാട്യസദനം” രൂപീകരിക്കുകയും ശ്രീദുർഗ്ഗ, ശ്രീമുരുകൻ, പാശുപതാസ്ത്രം എന്നീ നൃത്തനാടകങ്ങൾ രചിക്കുകയും അതിന്റെ സംഗീതവും സംവിധാനവും ചെയ്ത് രംഗത്ത് എത്തിക്കുകയും ചെയ്തു. നടനം ശിവപാലൻ മാസ്റ്റർ, ഡാൻസർ കെ. എൻ. നമ്പ്യാർ എന്നിവർ ഗുരുക്കന്മാരാണ്. ഇരുപത്തിഎട്ടാം വയസ്സിൽ മദ്ദളാചാര്യൻ വാദ്യരത്നം കെ. വി. കുഞ്ഞിരാമമാരാരുടെ മകൾ പുഷ്പവല്ലിയെ വിവാഹംചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here