തിരുവനന്തപുരത്ത് കെ റെയിൽ സംവാദം, കണ്ണൂരില്‍ കല്ലിടല്‍; പ്രതിഷേധിച്ച വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാന്‍ നീക്കം

0

കണ്ണൂര്‍: തലസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സംവാദം നടന്നുകൊണ്ടിരിക്കെ കണ്ണൂരില്‍ പദ്ധതിയുടെ കല്ലിടല്‍ തുടരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മുഴപ്പിലങ്ങാട്.

കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു.തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നല്‍കാതെയാണ് അതിക്രമിച്ചു കയറി കല്ലിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. നഷ്ടപരിഹാരം തന്നാലും തങ്ങള്‍ക്ക് വേണ്ട. ഇവര്‍ എത്ര ആഴത്തില്‍ കല്ലിട്ടാലും തങ്ങളത് പിഴുതെറിയുമെന്നും വീട്ടുടമ മുഹമ്മദലി പ്രതികരിച്ചു.

ഇതിനിടെ തലസ്ഥാനത്ത് കെ റെയില്‍ സംവാദം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. പദ്ധതിയെ അനുകൂലിച്ച് മൂന്ന് പേരും എതിര്‍ത്തുകൊണ്ട് ഒരാളുമാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്. എതിര്‍ക്കുന്ന രണ്ട് പേര്‍ പിന്‍മാറിയിരുന്നു. ഇവര്‍ക്ക് പകരം ആരേയും ഉള്‍പ്പെടുത്താതെ തന്നെ സംവാദവുമായി മുന്നോട്ട് പോകാന്‍ കെ റെയില്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here