കുറച്ചുപേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ചു സമയം മാറ്റിവയ്ക്കാമായിരുന്നെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍

0

തിരുവനന്തപുരം∙ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ചു സമയം മാറ്റിവയ്ക്കാമായിരുന്നെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുരളീധരന്റെ പ്രതികരണം.

ഇടുക്കിയിലെ ആളുകൾ വളരെ വലിയ ആശങ്കയിലാണ്. സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ച് കണ്ണൂരിൽ മാമാങ്കം നടത്തുമ്പോൾ അറിയാനുള്ളത് മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രിയോട് ചർച്ച നടത്തിയോ എന്നാണ്. പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രിതല ചർച്ച നടത്തുമെന്നു സർക്കാർ നിയമസഭയിൽ പറഞ്ഞതാണ്. നരേന്ദ്ര മോദിയെ ആക്രമിക്കാൻ സ്റ്റാലിനെ കൂട്ടുപിടിച്ച പിണറായി വിജയൻ അണക്കെട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ എന്തു ചെയ്തു?

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കോൺഗ്രസിന്റെ പ്രതിനിധിയെ പിണറായി വിജയൻ തിരഞ്ഞെടുക്കുന്ന ഗതികേടിലാണ് കോൺഗ്രസ് വന്നെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. വാളയാർ കഴിഞ്ഞാൽ സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കൈകോർത്ത് പിടിച്ചാണ് നടക്കുന്നത്.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ അഴൂർ പഞ്ചായത്തിലെ പെരുംകുഴി ഇടഞ്ഞിമൂലയിൽ പ്രതിരോധ യാത്രക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

കെ-റെയിലിനെ കുറിച്ചുള്ള കേന്ദ്ര സർക്കാർ നിലപാട് പാർലമെന്റിൽ പറഞ്ഞതിനുപുറമേ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നടക്കാത്ത ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കാൻ പിണറായി സർക്കാർ മുതിരരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണം എന്ന അമിത് ഷായുടെ പ്രതികരണത്തെക്കുറിച്ചും വി.മുരളീധരൻ വിശദീകരിച്ചു. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചത്. മലയാളികള്‍ക്ക് അടക്കം ഇത് ബാധകമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here