അഭ്യൂഹങ്ങൾക്കു വിട, സമ്മർ ബംപർ ലോട്ടറി ഒന്നാം സമ്മാനം ചോറ്റാനിക്കരയിൽ തന്നെ

0

ചോറ്റാനിക്കര ∙ ‌അഭ്യൂഹങ്ങൾക്കു വിട, സമ്മർ ബംപർ ലോട്ടറി ഒന്നാം സമ്മാനം ചോറ്റാനിക്കരയിൽ തന്നെ. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ്‌‍ ടെക്സ്റ്റൈൽസ് ഉടമ കെ.പി. റെജിയാണ് ഒന്നാം സമ്മാനമായ 6 കോടി ലഭിച്ച SC 107463 എന്ന നമ്പർ ലോട്ടറി ടിക്കറ്റിന്റെ ഉടമ. ചോറ്റാനിക്കരയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഭാഗ്യവാൻ ആരെന്നു മാത്രം കണ്ടെത്തിയിരുന്നില്ല. ക്ഷേത്രദർശനത്തിനെത്തിയ ഇതര സംസ്ഥാനക്കാരാകാം ലോട്ടറി വാങ്ങിയതെന്നായിരുന്നു അഭ്യൂഹം. നറുക്കെടുപ്പ് കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണു വിജയി എരുവേലി കാഞ്ഞിരംകോലത്ത് കെ.പി.റെജിയാണെന്നു നാട്ടിൽ അറിയുന്നത്.

സ്വകാര്യത കണക്കിലെടുത്താണു വിവരം ആരോടും പറയാതിരുന്നതെന്നാണു റെജി പറയുന്നത്. 20നു നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് കടയിലെത്തി പത്രം നോക്കിയാണു റെജി ഫലം അറിഞ്ഞത്. ഉടൻ ടിക്കറ്റ് യൂണിയൻ ബാങ്ക് മുളന്തുരുത്തി ശാഖയിൽ ഏൽപിച്ചു.

അടുത്ത ദിവസം തന്നെ ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫിസിൽ ടിക്കറ്റ് ഏൽപിച്ചു. വിവരം വീട്ടിൽ മാത്രമാണു പറഞ്ഞത്. ടിക്കറ്റ് സമർപ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു പലരും വിവരം അറിഞ്ഞു ചോദിച്ചു തുടങ്ങിയത്. പ്രവാസിയായിരുന്ന റെജി ജോലി ഉപേക്ഷിച്ച ശേഷം 18 വർഷമായി എരുവേലിയിൽ കട നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here