സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോട്‌ അനുബന്ധിച്ചു നടത്തിയ സെമിനാറില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലക്കു ലംഘിച്ചു പങ്കെടുത്ത കെ.വി. തോമസിനെ എ.ഐ.സി.സിയില്‍നിന്നും കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതിയില്‍നിന്നും നീക്കണമെന്ന്‌ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്‌തു

0

ന്യൂഡല്‍ഹി : സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോട്‌ അനുബന്ധിച്ചു നടത്തിയ സെമിനാറില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലക്കു ലംഘിച്ചു പങ്കെടുത്ത കെ.വി. തോമസിനെ എ.ഐ.സി.സിയില്‍നിന്നും കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതിയില്‍നിന്നും നീക്കണമെന്ന്‌ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്‌തു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ ഇന്നു തീരുമാനമെടുക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കടുത്ത നടപടി വേണ്ടെന്ന നിലപാടാണ്‌ സോണിയയ്‌ക്കെന്നു സൂചന.
വിലക്കു ലംഘിച്ച തോമസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന കടുത്ത നിലപാടാണ്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വത്തിന്റേത്‌. അത്തരമൊരു തീരുമാനത്തിലൂടെ വിവാദം രൂക്ഷമാക്കേണ്ടതില്ലെന്നാണ്‌ ദേശീയ നേതൃത്വത്തിന്റെ കാഴ്‌ചപ്പാട്‌. പുറത്താക്കപ്പെടലിലൂടെ രക്‌തസാക്ഷി പരിവേഷം നേടി ഇടതു പാളയത്തില്‍ ചേക്കേറാന്‍ കാത്തിരിക്കുന്ന കെ.വി. തോമസിനും കടുത്ത നടപടിയില്ലാത്തതു പ്രതിസന്ധിയാകും.
കെ.വി. തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍ അഭയം നല്‍കാന്‍ ഇടതു സംഘടനകള്‍ തയാറാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇന്നലെയും വ്യക്‌തമാക്കി.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി കെ.വി. തോമസിനോടു വിശദീകരണം എഴുതിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിശോധിച്ചാണ്‌ അച്ചടക്ക നടപടിക്കു സമിതി ശിപാര്‍ശ ചെയ്‌തത്‌.
കോടിയേരി ആവര്‍ത്തിച്ചു തോമസിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എന്തു പദവി നല്‍കുമെന്ന കാര്യത്തില്‍ സി.പി.എമ്മിലും സമവായമായിട്ടില്ലെന്നാണ്‌ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here