ബൈപ്പാസ് ഫീഡർ സർവീസ് : ‘വൈറ്റില ടു വൈറ്റില’

0

കൊച്ചി : നഗരത്തിലെ യാത്രക്ലേശത്തിന് പരിഹാരവുമായി കെ.എസ്.ആർ.ടി.സി. യുടെ ‘വൈറ്റില ടു വൈറ്റില’ ബൈപ്പാസ് ഫീഡർ സർവീസിന് ഊഷ്മള വരവേൽപ്പ്. സാധാരണയിൽ നിന്ന്‌ വ്യത്യസ്തമായി രൂപഭംഗിയോടുകൂടിയ ബസിന് നഗരത്തിലെവിടെയും വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഓറഞ്ചും വെള്ളയും നിറങ്ങൾ ചേർത്താണ് ഇതിനായി ‘അഞ്ച് കട്ട് ചേസിസ്’ ബസുകൾ ഒരുക്കിയിരിക്കുന്നത്.

വൈറ്റില മൊബിലിറ്റി ഹബ്ബും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്പെഷ്യൽ സർവീസാണ് ബൈപ്പാസ് ഫീഡർ. നഗരത്തിൽ കയറാതെ ബൈപ്പാസ് വഴി പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ എത്താനുള്ള കണക്ഷൻ സർവീസ് എന്ന നിലയിലാണ് ബൈപ്പാസ് ഫീഡർ തുടങ്ങിയിരിക്കുന്നത്.

കിഴക്കൻ മേഖലയിൽ നിന്നും കോട്ടയം, ഇടുക്കി പ്രദേശങ്ങളിൽ നിന്നും വൈറ്റില ബസ് സ്റ്റേഷനിൽ എത്തുന്നവർക്കും ഈ സർവീസ് ഏറെ ഗുണം ചെയ്യും.

കോട്ടയം, തൊടുപുഴ, പാല, മുണ്ടക്കയം, പത്തനംതിട്ട, മൂവാറ്റുപുഴ, ഇടുക്കി ഭാഗങ്ങളിലേക്ക് വൈറ്റില ഹബ്ബിൽ നിന്ന് നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി.യും അടിക്കടി സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ഈ ഭാഗങ്ങളിലേക്ക് പോകാൻ എറണാകുളം ബസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നവർക്ക് വൈറ്റില ഹബ്ബിൽ എത്തിച്ചേരുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരമായി പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

എറണാകുളം ഡിപ്പോയിൽനിന്ന്‌ വെള്ളിയാഴ്ച അഞ്ച്‌ ഫീഡർ സർവീസുകൾ, സർക്കുലറായാണ് തുടങ്ങിയിരിക്കുന്നത്. ഇതിൽ മൂന്നു ബസുകൾ വൈറ്റിലയിൽ നിന്ന് 6.50, 7.20, 7.50 എന്നീ സമയങ്ങളിൽ കടവന്ത്ര, ജെട്ടി, മേനക, കലൂർ, പാലാരിവട്ടം വഴി വൈറ്റിലക്കും രണ്ട് ബസുകൾ 6.35, 7.05 എന്നീ സമയങ്ങളിൽ വൈറ്റിലയിൽ നിന്നും ചക്കരപ്പറമ്പ്, പൈപ്പ് ലൈൻ, പാലാരിവട്ടം, കലൂർ, ഹൈക്കോർട്ട്, മേനക, ജെട്ടി, കടവന്ത്ര വഴി വൈറ്റിലയ്ക്കും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സർവീസുകൾക്കും ഏഴ്‌ ട്രിപ്പുകൾ ആണ് ആദ്യഘട്ടത്തിൽ നൽകിയിരിക്കുന്നത്. ബൈപ്പാസ് റൈഡർ തുടങ്ങുന്നതിന് മുന്നോടിയായാണ് സർക്കുലർ സർവീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here