മനുഷ്യൻ്റെ ചൂരടിച്ചാൽ തുമ്പികൈ ചുരുട്ടി മരങ്ങളുടെ മറവിൽപതുങ്ങി നിന്ന് അക്രമിക്കും; ആദിവാസിയായ പീലാണ്ടി യെന്ന യുവാവിനെ കൊന്നതോടെ ഗണേശ ഭഗവാനായി; കൊലയാളിയും ദൈവവുമായ ഒരേ ഒരു ആന; ഒടുവിൽ പീലാണ്ടി ചന്ദ്രു കോടനാട് ആനക്കളരിയിലെ പാപ്പാന്മാരുടെ കാരക്കോലിലൊതുങ്ങി; പീലാണ്ടിയുടെ പുതിയ വിശേഷങ്ങൾ

0

അട്ടപ്പാടി നിബിഢവനത്തിൽ ഒമ്പതു പേരെ കൊന്നൊടുക്കിയ ഗജവീരൻ പീലാണ്ടി ചന്ദ്രു കോടനാട് ആനക്കളരിയിലെ പാപ്പാന്മാരുടെ കാരക്കോലിലൊതുങ്ങി വഴക്കം പൂർത്തിയാക്കി.നാല്പതു വർഷക്കാലം ഉൾക്കാടുകളെ വിറപ്പിച്ചും സാമ്പർ കോട്ടിലെ ആദിവാസികളെയും വനം കൈയ്യേറ്റക്കാരെയും കൊന്നൊടുക്കിയും അവരുടെ കൃഷിയിടങ്ങളെ തിന്നു നശിപ്പിച്ചും ഗജരാജനായി വാണിരുന്ന പീലാണ്ടി ചന്ദ്രു വിന് ഇനി കാടു വേണ്ട. കോടനാട്ടെ ആനകളുടെ അശാൻ പള്ളിക്കുടത്തിൽ കുട്ടിയാനകളുടെ വഴക്കത്തോടെ പാപ്പാന്മാരുടെ ആജ്ഞകൾ അതിവേഗം പാഠമാക്കാൻ ചന്ദ്രു വിന് കഴിഞ്ഞു. പീലാണ്ടിയെന്ന് പേരു വിളിച്ചാൽ തിരിച്ചറിയുക എന്നതായിരുന്നു ആദ്യപഠനം. പിന്നെ ഇടം തിരിയാനും വലം തിരിയാനും, ഇടത്തു കിടക്കാനും വലത്തു കിടക്കാനും പഠിപ്പിച്ചു.പാപ്പാന് ആനയുടെപുറത്ത് കയറാനായി നട മടക്കാൻ പറഞ്ഞാൽ (മുൻ കൽ) മടക്കും അമരം മടക്കാൻ പറഞ്ഞാൽ ( പിന്നിലെ കാൽ ) മടക്കും. എഴുന്നള്ളിപ്പിന് നടക്കേണ്ട രീതികൾ പഠിപ്പിച്ചു.പുല്ലിൻ കെട്ടെടുക്കാനും തടി വലിക്കാനും പഠിച്ചു.

ജീവിതത്തിൻ്റെ പകുതിയിലേറെക്കാലം വനത്തിൽ കഴിഞ്ഞ ആന വന്യ സ്വഭാവം പ്രകടിപ്പിക്കുമോ എന്ന ഭയം വനം വകുപ്പിനുണ്ട്.ഒമ്പതു പേരെ കൊന്നവന് കാട്ടാളനാവാൻ ഒരു നിമിഷം മതിയെന്നതാണ് വനം വകുപ്പിലെ ഡോക്ടർമാർ പോലും വിശ്വസിക്കുന്നത്. വഴക്കം ശീലിച്ചെങ്കിലും ഭയം വിട്ടുമാറാത്തതുകൊണ്ടാവാം അഭയാരുണ്യത്തിൽ വരുന്ന കാഴ്ചക്കാരെ പീലാണ്ടിയിൽ നിന്നുംഅകത്തി നിർത്തുകയാണ് പതിവ്.2017 ജൂൺ ഒന്നിനാണ് അട്ടപ്പാടിയിൽ നിന്നും പിടികൂടി കോടനാട് അഭയാരണ്യത്തിലേക്ക് പീലാണ്ടി ചന്ദ്രു വിനെ കൊണ്ടുവരുന്നത്. തമിഴ്നാട് അതിർത്തിയിലെ അഗളി റെയ്ഞ്ചിൽപ്പെട്ട അട്ടപ്പാടി മണ്ണാർക്കാട് ഷോളയൂർ ഡിവിഷനിലെസാമ്പർ കോട്ട് സെറ്റിൽമെൻറ് കോളനിയ്ക്കടുത്തു നിന്നാണ് പീലാണ്ടി ചന്ദ്രുവിനെ പിടികൂടുന്നത്.

ആനക്കൂട്ടങ്ങളിൽ നിന്നും മറ്റ് ആനകൾ ഇവനെപുറത്താക്കപ്പെട്ടതോടെയാണ് ഒറ്റയാനായി മാറിയത്.ഏതെങ്കിലും പിടിയാനയെ കൂടി പുതിയൊരു ഗോത്രമുണ്ടാക്കാൻ ശ്രമിക്കാതെ വർഷങ്ങളായിഇവൻ ഒറ്റയ്ക്ക് അഗളി വനത്തിൽ അലയുകയായിരുന്നു. മനുഷ്യവാസസ്ഥലത്തേക്ക് കയറി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവൻ ശല്യക്കാരനായി മാറി.ആ നകൾകൂട്ടത്തോടെ വന്ന് കൃഷിയിടങ്ങൾ നശിപ്പിക്കുകയും വീടുകൾ കുത്തിമറിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽആനക്കൂട്ടങ്ങൾ മറ്റേതൊ ഉൾവനത്തിലേക്ക് പലായനം ചെയ്തപ്പോൾ സാമ്പർ കോട്ടു കോളനി പരിസരത്തെ വനത്തിൽ ഒറ്റയാൻ മാത്ര മായി മാറി. ചാരായം വാറ്റാനും മരംമുറിച്ചുകടത്താനും കഞ്ചാവു കൃഷിയ്ക്കും മറ്റുമായി കാടുകയറുന്നവർക്ക് ഒറ്റയാൻ പേടി സ്വപ്നമായി. വനംകൊള്ളക്കാർ അവൻ്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയും മരത്തിൻ്റെ മുകളിൽ കയറി ഇരുന്ന് മൈദ തിളപ്പിച്ച് ഒഴിക്കുകയും പന്നിപ്പടക്കം എറിഞ്ഞ് വിരട്ടി ഓടിക്കുകയും കല്ലെറിഞ്ഞ് അവൻ്റെ മസ്തകത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യൻ്റെ ആക്രമണത്തിലെപ്പോഴൊ അവൻ്റെ വാലിൻ്റെ പതിനഞ്ചു സെൻ്റീമീറ്റർ നഷ്ടമായി.അതിന് ശേഷമാണ് ഒറ്റയാൻ അക്രമകാരിയാകുന്നത്. മനുഷ്യൻ്റെ ചൂരടിച്ചാൽ തുമ്പികൈ ചുരുട്ടി മരങ്ങളുടെ മറവിൽപതുങ്ങി നിന്ന് അക്രമിക്കും. ആരേയും കൊമ്പു കൊണ്ട്കുത്തി കൊലപ്പെടുത്തിയിട്ടില്ല. തുമ്പികൈയ്യിൽ ചുറ്റിപ്പിടിച്ച് നിലത്തടിച്ചും ചവിട്ടിയുമാണ് ഭൂരിഭാഗം പേരേയും കൊന്നത്. കൊലയാളിയും ദൈവവുമായി ഒരേ പോലെ വാഴ്ത്തപ്പെട്ട മറ്റൊരു ആന കേരളത്തിലില്ല.

സാമ്പർ കോട്ടു കോളനിയിലെ ആദിവാസിയായ പീലാണ്ടി യെന്ന യുവാവിനെ കൊന്ന തോടെയാണ് കാട്ടിലെ ഒറ്റയാനായി വിരാജിച്ചിരുന്ന പിലാണ്ടി പിന്നീട് ഗണേശ ഭഗവാനായി ഉയർത്തപ്പെട്ടത്. പീലാണ്ടിയെന്ന ആദിവാസിയെ ആന കൊന്നതാണന്നാണ് വനംവകുപ്പിൻ്റെ രേഖയിൽ. പക്ഷേ ആദിവാസികൾ അത് വിശ്വസിക്കുന്നേയില്ല. പിലാണ്ടിയെന്ന യുവാവിൻ്റെ ആത്മാവ് കൊലയാളി ആനയിൽ പ്രവേശിച്ചതാണ് മരണകാരണമെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. അങ്ങനെയാണ് ഒറ്റയാൻ ആദിവാസികൾക്കിടയിൽ ദൈവമായി മാറുന്നത്.മണ്ണു കുഴച്ച് അവൻ്റെ രൂപമുണ്ടാക്കി തിരി തെളിച്ചും വായ്ത്തുപാട്ടിനാൽ തലയുറഞ്ഞാടി ആദിവാസികൾ ഒറ്റയാനെ പ്രീതിപ്പെടുത്തി. അവനു വേണ്ടി കോളനിയിലെ കൃഷിയിടങ്ങളിൽ പ്ലാവുകൾ വളർന്നു.

വാഴ കൃഷിയും പൈനാപ്പിൾതോട്ടങ്ങൾ പിടിപ്പിച്ചും അവൻ്റെ വിശപ്പിനെ ആദിവാസികൾ നെഞ്ചോടു ചേർത്തു.വർഷത്തിലൊരിക്കൽ ഒറ്റയാൻ വന്ന് കൃഷിതോട്ടങ്ങൾ നശിപ്പിച്ചാൽ പിറ്റേ വർഷം ഇരട്ടി വിളവു കിട്ടുമെന്നാണ് ആദിവാസികളുടെ മറ്റൊരു വിശ്വാസം. എന്നാൽ വനം വകുപ്പിൻ്റെ ചുവന്ന നാടക്കുള്ളിലെ കടലാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് കൊലയാളി ആനയെന്നാണ്.അങ്ങനെ ഒമ്പതുപേരുടെ മരണവും കുറിക്കപ്പെട്ടപ്പോഴാണ് വനം വകുപ്പ് ഇവനെ പിടികൂടാൻ തീരുമാനിച്ചത്.ഒരു വിഭാഗം ജനങ്ങൾ ആനയെ പിടിക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചപ്പോൾ ആദിവാസികൾ തങ്ങളുടെ ആനയെ കൊണ്ടു പോകരുതെന്നാവശ്യപ്പെട്ട് വിലപിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും വനം വകുപ്പ് ഡോക്ടർമാരും നാട്ടുകാരും തമിഴ്നാട്ടിൽ നിന്നെത്തിയ നാലു കുങ്കിയാനകളും ചേർന്നുള്ള വൻപട അണിനിരന്നാണ് അവൻ്റെ കാലിൽ കൂച്ചുവിലങ്ങിട്ടത്. കുങ്കിയാനകളുടെ നേതൃത്വത്തിൽ ഒറ്റയാനെ ഇടിച്ച് ലോറി യിലേക്ക് കയറ്റിയാണ് കോടനാട് അഭയാരുണ്യത്തിലേക്ക് കൊണ്ടുവന്നത്.

യുക്കാലി മരം കൊണ്ടുണ്ടാക്കിയ ബലിഷ്ഠമായപ്രത്യേക കൂട്ടിലിട്ടാണ് അവനെ മെരുക്കാൻ തടവിലിട്ടത്.കൂടിനോടു ചേർന്ന് താൽക്കാലിക ഷെഡ്ഡുണ്ടാക്കി പാപ്പാന്മാരായ മുരുകൻ തങ്കപ്പനും എം സി അയ്യപ്പൻകുട്ടിയും രാത്രിയും പകലും ഒരു വർഷം താമസിച്ചു. ആന രാത്രി ഉറങ്ങുമ്പോഴും രാവിലെ ഉണരുമ്പോഴും എല്ലാ ദിവസവും മുരുകനേയും അയ്യപ്പനേയും കാണും. അവന് ഇഷ്ട ഭക്ഷണം കൊടുത്തും കൂടു കഴുകിയും ദേഹത്തേക്ക് വെള്ളം ചീറ്റി തണുപ്പിച്ചും മനുഷ്യൻ്റെ ചൂരിലേക്ക് അവൻ്റെ സ്നേഹം വളർത്തി.

കൂട്ടിൽ നിന്നുംപുറത്തേക്ക് നീട്ടിയ തുമ്പികൈയ്യിൽ പാപ്പാന്മാർ തടവി.അനുസരണക്കേടിന് ഈർക്കിലി കൊണ്ടു പോലും തല്ലാതെ അവൻ്റെ സ്നേഹം പതിയെ പിടിച്ചുപറ്റി. മനുഷ്യനുമായി ഇണങ്ങുന്നതിനുള്ള ആദ്യ നടപടിയാണിതെല്ലാം.മുതിര, ശർക്കര, റാഗി, ചോറ്, ഈന്തപ്പഴം, പഴം, എന്നിവ അരച്ച് ഉരുളയാക്കി കൊടുക്കും. കരിമ്പിൻ തണ്ട് പുല്ല് ചക്കപ്പഴം തുടങ്ങിയ മറ്റ് ഇഷ്ടവിഭവങ്ങൾ കൂടി കൊടുക്കും.

ചന്ദ്രശേഖരൻ എന്നാണ് വനം വകുപ്പ് ആദ്യം അവനിട്ട പേര്. എന്നാൽ അത് വിവാദത്തിന് വഴിതെളിച്ചു. മുന്നോക്കക്കാരൻ്റെ പേരിട്ടതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി രംഗത്തുവന്നു. കീഴാളൻ്റ പേര് ആനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഗോപൻ നാട്ടുമങ്കയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയ്ക്കും വനംവകുപ്പിനും പരാതി നൽകി.ഒടുവിൽ ഒറ്റയാൻ കൊന്നു തള്ളിയ പിലാണ്ടിയുടെ പേരും വനംവകുപ്പിട്ട ചന്ദ്രശേഖരനിൽ നിന്ന് ചന്ദ്രുവുമെടുത്ത് പിലാണ്ടി ചന്ദ്രു എന്നാക്കി മാറ്റി. വനം വകുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പേരു മാറ്റം. അഗളി റെയിഞ്ച് ഓഫീസിൽ ചെന്ന് തങ്ങളുടെ ദൈവമായപീലാണ്ടി യെ കാണണമെന്നാവശ്യപ്പെട്ട് ആദിവാസികൾഅപേക്ഷ നൽകി.

വനംവകുപ്പിൻ്റെ വനം വകുപ്പ് അതിനും അനുമതി നൽകി. അറുപത്തി അഞ്ച് ആദിവാസികളേയും പതിനൊന്നു കുട്ടികളേയും വനംവകുപ്പിൻ്റെ ചില വിൽ അട്ടപ്പാടിയിൽ നിന്ന് കോടനാട് അഭയാരുണ്യത്തിലെത്തിച്ചു. തേങ്ങയും ശർക്കരയും പഴക്കുലയും ചക്കപ്പഴവും കാഴ്ചവച്ച് ആദിവാസികൾ ആദ്യ മിട്ട പേരുവിളിച്ച് പഴയ ഓർമ്മകളിലേക്ക് അവനെ വിളിച്ചുണർത്തി. ചില നേരങ്ങളിൽ മനുഷ്യരേക്കാൾ ബുദ്ധിവൈഭവം കാണിക്കാറുള്ള ആനകൾ പീലാണ്ടിയെന്ന വിളിപ്പേരിൽ തല കുലുക്കിയും തുമ്പികൈ കൊണ്ട് സ്നേഹം പ്രകടിപ്പിച്ചും തിരിച്ചറിഞ്ഞതായി ആദിവാസികളെ ബോധ്യപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here