പ്ലാവിൻതണലിലെ ഊട്ടുപുരയുടെ വിശേഷങ്ങൾ ഇതൊക്കെയാണ്

0

വൈക്കം: വൈക്കം – കൊച്ചുകവല കച്ചേരിക്കവല റോഡിൽ വാസനശേരിൽ വിനോദും ബിജുവും നടത്തുന്ന ബ്രദേഴ്സ് ഹോട്ടലിൽ ചെന്നാൽ നിങ്ങൾക്കൊരു കൗതുകമുണർത്തുന്ന കാഴ്ച കാണാം. മറ്റൊന്നുമല്ല ഈ ഹോട്ടലിന് ഉള്ളിൽ നിറയെ വരിക്കച്ചക്കയുമായി മുത്തശ്ശി പ്ലാവ്. ഈ മുത്തശ്ശിപ്ലാവിനെ നിധി പോലെ കാക്കുന്ന ഉടമകളായ സഹോദരങ്ങളും. ഇവരുടെ മുത്തച്ഛൻ രംഗ കമ്മത്ത് 160 വർഷം മുൻപ് നട്ടുവളർത്തിയ പ്ലാവാണ് ഇപ്പോഴും തലയിടുപ്പോടെ നിൽക്കുന്നത്. നഗരമധ്യത്തിൽ കുടുംബവിഹിതമായി കിട്ടിയ സ്ഥലത്തു പിതാവ് വിജയന് ഹോട്ടൽ ആരംഭിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ ഇവിടെനിന്ന പ്ലാവ് മുറിച്ചുനീക്കാൻ പലരും പറഞ്ഞെങ്കിലും അദ്ദേഹം അതിനോടു യോജിച്ചില്ല.

പ്ലാവിനെ ഹോട്ടലിന് ഉള്ളിലായി നിർത്തി 40 വർഷം മുൻപാണ് ഹോട്ടൽ ആരംഭിച്ചത്. വിജയന്റെ മക്കളായ വിനോദും ബിജുവുമാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്. ചക്കയുടെ സീസണായാൽ ഹോട്ടലിലെ വിഭവങ്ങളിലും മാറ്റം വരും. ഇതേ പ്ലാവിൽ വിരിഞ്ഞ ചക്ക കൊണ്ടുള്ള വിഭവം ഊണിനൊപ്പം മേശയിൽ എത്തും. ഒരു സീസണിൽ 100ൽ അധികം ചക്ക വരെ കായ്ച്ചിട്ടുണ്ട്.

ഹോട്ടലിനു മുകളിൽ ശിഖരങ്ങൾ പന്തലിച്ചു നിൽക്കുന്നതിനാൽ ചൂടിൽനിന്നു രക്ഷയാണ്. ഹോട്ടലിൽ എത്തുന്നവർ മിക്കവരും കായ്ച്ചുനിൽക്കുന്ന പ്ലാവിന്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താറുണ്ട്. പ്ലാവിൻതണലിലെ ഊട്ടുപുരയുടെ ഉടമകൾക്ക് അതു കാണുമ്പോൾ ഇരട്ടി സന്തോഷം.

എല്ലാ വീട്ടിലും പ്ലാവിൻതൈകൾ എത്തിക്കാൻ പദ്ധതി

ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും ജില്ലാ പഞ്ചായത്തും ചേർന്ന് അത്യുൽപാദന ശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ ജില്ലയിലെ എല്ലാ വീടുകളിലും ഓഫിസുകളിലും വിദ്യാലയങ്ങളിലും നൽകും. ഇതിനോടകം തന്നെ ഒട്ടേറെ പഞ്ചായത്തുകളിലും സഹകരണ ബാങ്കുകളിലും വിതരണം നടത്തി. ഒന്നര വർഷം കൊണ്ടു ഫലം നൽകുകയും വർഷത്തിൽ ശരാശരി രണ്ടു തവണ കായ്ക്കുകയും ചെയ്യുന്ന ഇനമാണ് ഇത്. നഴ്സറി വിലയുടെ 50% സബ്സിഡിയോടെയാണ് വിതരണം. ചക്കയിൽ നിന്നായി ഇരുനൂറിലധികം ഉൽപന്നങ്ങളും നിർമ്മിക്കാൻ കഴിയും.

അങ്ങനെ ഉൽപന്നങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. പ്ലാവ് കൃഷി ജില്ലയിൽ വ്യാപിപ്പിക്കാൻ പ്രോത്സാഹനമേകുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര, ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ചീഫ് പ്രൊജക്ട് ഡയറക്ടർ രഞ്ജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here