ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കം

0

ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കം. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സ് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ നേരിടും. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആകെ പത്ത് ടീമുകൾ. നാല് വേദികളിൽ 74 കളികൾ. പ്ലേ ഓഫിന് മുമ്പ് ഓരോ ടീമിനും 14 മത്സരങ്ങൾ. 25 ശതമാനം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം. ലഖ്നൗ സൂപ്പർ ജയ്ന്റ്സും ഗുജറാത്ത് ടെെറ്റൻസുമാണ് പുതിയ ടീമുകൾ. അടുത്ത വർഷംമുതൽ ആറ് ടീമുകളെ ഉൾപ്പെടുത്തി വനിതാ ഐപിഎൽ തുടങ്ങാനൊരുങ്ങുകയാണ് ബിസിസിഐ

ചെന്നൈ സൂപ്പർ കിങ്സ്

ക്യാപ്റ്റൻ: രവീന്ദ്ര ജഡേജ

പ്രധാന താരങ്ങൾ– ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായിഡു, എം.എസ്.ധോണി, ഡ്വെയ്ൻ ബ്രാവോ

ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടതു ടോപ് ഓർഡറിനെ ബാധിക്കും. എന്നാൽ ഏറെക്കുറെ സമാനമായ ടീമിനെത്തന്നെ നിലനിർത്താൻ സാധിച്ചിട്ടുമുണ്ട്. ജഡേജ, ബ്രാവോ, ദീപക് ചാഹർ, രാജ്‌വർധൻ ഹങ്കർഗേക്കർ, മൊയീൻ അലി തുടങ്ങിയ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ഗുണം ചെയ്യും.

∙ ഡൽഹി ക്യാപിറ്റൽസ്

ക്യാപ്റ്റൻ: ഋഷഭ് പന്ത്

പ്രധാന താരങ്ങൾ – ഡേവിഡ് വാർണർ, ആൻറിച് നോർട്യ, റോവ്മൻ പവൽ, ഷാർദൂൽ ഠാക്കൂർ

ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടപ്പോൾ പകരം ഡേവിഡ് വാർണറെ ടീമിലെത്തിച്ചതു നേട്ടമായി. വാർണർ, പൃഥ്വി ഷാ, യഷ് ദൂൽ, പവൽ, ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ടോപ് ഓർഡറാണ് ശക്തി. വിക്കി ഓസ്‌വാൾ, കമലേഷ് നാഗർകോട്ടി, പ്രവീൺ ദുബെ, ചേതൻ സാക്കരിയ തുടങ്ങിയ യുവതാരങ്ങളും ബലമാകും.

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ക്യാപ്റ്റൻ: ശ്രേയസ് അയ്യർ

പ്രധാന താരങ്ങൾ– നിതീഷ് റാണ, പാറ്റ് കമിൻസ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ

റസൽ, നരെയ്ൻ എന്നീ വെസ്റ്റിൻഡീസ് ഓൾറൗണ്ടർമാരുടെ സാന്നിധ്യം തന്നെയാണ് ഹൈലൈറ്റ്. ശ്രേയസ് അയ്യർക്കു പുറമേ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, അജിൻക്യ രഹാനെ, ആരോൺ ഫിഞ്ച് എന്നിവർ ബാറ്റിങ്ങിനു കരുത്തുപകരും. വരുൺ ചക്രവർത്തിക്കു പകരമിറക്കാൻ ഇന്ത്യൻ സ്പിന്നർ ഇല്ലാത്തതു തിരിച്ചടി.

∙ ലക്നൗ സൂപ്പർ ജയന്റ്സ്

ക്യാപ്റ്റൻ: കെ.എൽ.രാഹുൽ

പ്രധാന താരങ്ങൾ– ക്വിന്റൻ ഡികോക്, രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയ്നിസ്, ജയ്സൻ ഹോൾഡർ

ഐപിഎലിലെ പുതിയ ടീമുകളിലൊന്ന്. ക്യാപ്റ്റൻസിയുടെ പേരുദോഷം മാറ്റാനുള്ള അവസരമാണ് രാഹുലിനിത്. ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, സ്റ്റോയ്നിസ്, ഹോൾഡർ എന്നിങ്ങനെ ഒട്ടേറെ ഓൾറൗണ്ടർമാർ ടീമിലുള്ളത് ഗുണം ചെയ്യുമെങ്കിലും പരിചയസമ്പന്നരുടെ കുറവ് തിരിച്ചടിയാകും.

IPL-2
∙ ഗുജറാത്ത് ടൈറ്റൻസ്

ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ

പ്രധാന താരങ്ങൾ– ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ

പുതിയ ടീം. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പുതുമോടി ടീമിനു പ്രതീക്ഷയും ഒപ്പം വെല്ലുവിളിയും. ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നീ ടോപ് ക്ലാസ് ബോളർമാരുള്ളതു ഗുണം ചെയ്യും. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും അനുഭവ സമ്പത്തുള്ള ബാറ്റർമാരില്ല.

∙ മുംബൈ ഇന്ത്യൻസ്

ക്യാപ്റ്റൻ: രോഹിത് ശർമ

പ്രധാന താരങ്ങൾ– ഇഷൻ കിഷൻ, കയ്റൻ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര

ദക്ഷിണാഫ്രിക്കൻ യുവതാരം ‘ബേബി എബി’ ഡിവാൾഡ് ബ്രെവിസിന്റെ പ്രകടനം നിർണായകം. പരുക്കു മൂലം ജോഫ്ര ആർച്ചർ കളിച്ചില്ലെങ്കിൽ ബുമ്രയ്ക്കൊപ്പം ആര് ബോളിങ് ഓപ്പൺ ചെയ്യും, ഡെത്ത് ഓവറിൽ ആരു റൺറേറ്റ് നിയന്ത്രിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.

∙ പഞ്ചാബ് കിങ്സ്

ക്യാപ്റ്റൻ: മയാങ്ക് അഗർവാ‍ൾ

പ്രധാന താരങ്ങൾ– ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, കഗീസോ റബാദ

റബാദയെ മാറ്റിനിർത്തിയാൽ വിദേശ പേസറുടെ അഭാവം ടീമിലുണ്ട്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്തിന്റെ പ്രകടനം നിർണായകമാകും. ക്യാപ്റ്റനായി അരങ്ങേറുന്ന മയാങ്കിനെ കാണാൻ ആരാധകർ കാത്തിരിക്കുന്നു.

∙ രാജസ്ഥാൻ റോയൽസ്

ക്യാപ്റ്റൻ: സഞ്ജു സാംസൺ

പ്രധാന താരങ്ങൾ– ജോസ് ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, ആർ.അശ്വിൻ.

ബട്‌ലർ, വാൻഡർദസൻ, യശസ്വി ജയ്സ്വാൾ, സഞ്ജു, ദേവ്ദത്ത്, ഹെറ്റ്മെയർ.. മികച്ച ബാറ്റിങ് നിരയാണു രാജസ്ഥാന്റേത്. അശ്വിൻ– െഹൽ സ്പിൻ സഖ്യത്തിന്റെ പ്രകടനം നിർണായകമാകും.

∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ക്യാപ്റ്റൻ: ഫാഫ് ഡുപ്ലെസി

പ്രധാന താരങ്ങൾ– വിരാട് കോലി, മാക്സ്‌വെൽ, ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരംഗ

ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നായക സ്ഥാനത്തെത്തിയതു ടീമിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ സീസണിൽ മികവു തെളിയിച്ച ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീം വിട്ടതു തിരിച്ചടിയാകും. വിരാട് കോലിയുടെ ഫോമും ആശങ്കയിൽ.

∙ സൺറൈസേഴ്സ് ഹൈദരാബാദ്

ക്യാപ്റ്റൻ: കെയ്ൻ വില്യംസൻ

പ്രധാന താരങ്ങൾ– ഏയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ

ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസർമാർക്കായിരിക്കും ബോളിങ്ങിന്റെ ചുമതല. പരിചയസമ്പത്തുള്ള ഒരു വിദേശ പേസർ ഇല്ല. നിക്കോളാസ് പുരാൻ, ഏയ്ഡൻ മാർക്രം എന്നീ ബിഗ് ഹിറ്റർമാരുടെ വരവ് ബാറ്റിങ്ങിന് ഊർജം പകരും. പക്ഷേ, വാർണർ പോയ വിടവ് ഇപ്പോഴുമുണ്ട്.

Leave a Reply