വൈക്കം: വൈക്കത്ത് ആളുമാറി രണ്ടു പേരെ വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കേസിലെ പ്രധാനപ്രതി ജില്ലയിൽ എത്തിയതു ഏതാനും ദിവസങ്ങൾക്കു മുന്പ്. തലയാഴം ഉല്ലല വടവനത്തു കിഴക്കേത്തറ അഗ്രേഷ് (25, കണ്ണൻ), ഉല്ലല കൂവം അന്തനാട്ട് രഞ്ജിത്ത് (35, മമ്മൻ) ഉല്ലല രാജ് ഭവനിൽ അഖിൽ രാജ് (21, അക്കു) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രധാന പ്രതിയായ അഗ്രേഷിനെ കാപ്പ ചുമത്തി ജില്ലയിൽനിന്നു നാടുകടത്തിയിരുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്പാണ് ഇയാൾ തിരികെ ജില്ലയിൽ എത്തിയതും വൈക്കത്തേക്ക് എത്തുന്നതും. കാർ പിന്നോട്ട് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്നായിരുന്നു ആക്രമണം.
പാലാ സ്വദേശികളായ തടിവെട്ടു തൊഴിലാളികളായ സന്തോഷ്, അരുണ്‍ എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് തോട്ടകം ഷാപ്പിനു മുന്നിൽ അക്രമി സംഘം കാർ പിന്നോട്ടെടുത്തപ്പോൾ വിയറ്റ്നാം സ്വദേശി രാജേഷിന്‍റെ ബൈക്കിൽ തട്ടി. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം സംഘട്ടനത്തിലാണ് കലാശിച്ചത്.
സംഘർഷത്തിൽ അഗ്രേഷിനും സഹോദരനും മർദനമേറ്റു. ഇതിനു പ്രതികാരം തീർക്കാനായി രാത്രി അഗ്രേഷും ബന്ധുവായ അഖിൽ രാജും സുഹൃത്തായ രഞ്ജിത്തും ചേർന്നു വിയറ്റ്നാമിലെ രാജേഷിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി. പിന്നീട് തോട്ടകം മുപ്പതു ഭാഗത്തേക്കു പോയി മരം വെട്ടാനായി പാലായിൽ നിന്നെത്തിയ രണ്ടുപേരെ രാജേഷിന്‍റെ കൂട്ടാളികളാണെന്നു തെറ്റിദ്ധരിച്ച് ആക്രമിക്കുകയും തുടർന്നു വടിവാളിനു വെട്ടുകയുമായിരുന്നു.
ശബ്ദം കേട്ടു നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. പീന്നിട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. തോട്ടകം ഷാപ്പിനു മുന്നിൽ നടന്ന സംഘട്ടനത്തിൽ കൂവം സ്വദേശിയായ യുവാവിന് പരിക്കേറ്റ സംഭവത്തിൽ വിയറ്റ്നാം സ്വദേശികളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
അക്രമി സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അഗ്രേഷിനെതിരെ ഉടൻ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വൈക്കം എസ്എച്ച്ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അബ്ദുൾ സമദ്, കെ. നാസർ, സിവിൽ പോലിസ് ഓഫിസർമാരായ ജാക്സണ്‍, സെയ്ഫുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.