വ്രതമെടുത്ത്, കണ്ണിമ പൂട്ടാതെ, പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തർക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങൾ

0

വ്രതമെടുത്ത്, കണ്ണിമ പൂട്ടാതെ, പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തർക്കായി ഒരുങ്ങി ജില്ലയിലെ ശിവക്ഷേത്രങ്ങൾ. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. പിതൃമോക്ഷ പ്രാപ്തിക്കായി ബലിതർപ്പണം നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പതിനായിരങ്ങൾ ഇന്ന് മണപ്പുറത്തു സംഗമിക്കും.

കോവിഡ് മൂലം കഴിഞ്ഞ വർഷം നിയന്ത്രിത തോതിലേ ബലിതർപ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. അതിനാൽ വൻ തിരക്ക് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
പുഴയോരത്തു ദേവസ്വം ബോർഡ് 148 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്.

മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിക്കുന്ന ലക്ഷാർച്ചന രാത്രി 10 വരെ നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകർമങ്ങൾക്ക് ഔപചാരിക തുടക്കമാകും. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. കുംഭത്തിലെ അമാവാസി ദിനമായ നാളെ ഉച്ച വരെ തർപ്പണത്തിനു തിരക്ക് ഉണ്ടാകും.

ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ 5നു സർവമത സമ്മേളനം, 10നു ബലിതർപ്പണം. കാലടി മണപ്പുറത്തും ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ബലിതർപ്പണത്തിന് ഒട്ടേറെപ്പേർ എത്തും. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ബലിതർപ്പണം നാളെ പുലർച്ചെ 4.45ന് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here