മാർച്ച് 28നും 29നും റേഷൻ കടകൾ തുറക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതു പോലെ 27നു ഞായറാഴ്ച കടകൾ തുറക്കാൻ തയാറല്ലെന്നും റേഷൻ വ്യാപാരികൾ

0

തിരുവനന്തപുരം ∙ പൊതു പണിമുടക്ക് ദിവസമായ മാർച്ച് 28നും 29നും റേഷൻ കടകൾ തുറക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതു പോലെ 27നു ഞായറാഴ്ച കടകൾ തുറക്കാൻ തയാറല്ലെന്നും റേഷൻ വ്യാപാരികൾ. മാസാവസാനമായതു കൊണ്ടു കൂടുതൽ ഉപഭോക്താക്കൾ റേഷൻ വാങ്ങാൻ കടകളിൽ വരുന്നതിനാൽ രണ്ടു ദിവസത്തെ പൊതുപണിമുടക്കിൽനിന്നു വിട്ടുനിൽക്കാൻ സ്വതന്ത്ര സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തീരുമാനിച്ചു.

പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ സഹായവും സഹകരണവും സർക്കാരിൽനിന്ന് ഉണ്ടാവണമെന്ന് ഇരുസംഘടനകളുടെയും നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, അജിത്കുമാർ, ഇ.അബൂബക്കർ ഹാജി, ശിവദാസൻ വേലിക്കാട്, സി.മോഹനൻപിള്ള തുടങ്ങിയവർ അഭ്യർഥിച്ചു. രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുൻപുള്ള ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി.ആർ.അനിൽ പ്രസ്താവന ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച് പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ല.

കേരള റേഷനിങ് ഓർഡർ പ്രകാരം അതാവശ്യ സന്ദർഭങ്ങളിലും ഉത്സവങ്ങളോ വിശേഷാൽ ദിവസങ്ങളോ അടുത്ത ദിവസങ്ങളിൽ വരുന്ന സാഹചര്യത്തിലും ആണ് ഞായറാഴ്ച പോലുള്ള പൊതു അവധിദിനങ്ങളിൽ കടകൾ തുറക്കാൻ അനുവദിക്കാവുന്നത്. പണിമുടക്ക് വരുന്നതിന്റെ പേരിൽ ഞായാറാഴ്ച കടകൾ തുറക്കുന്നത് ഈ വ്യവസ്ഥ പ്രകാരം അനുവദനീയമാണോ എന്നതു വകുപ്പിലും തർക്കവിഷയമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here