ശ്രീലങ്കയിൽ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങൾ അച്ചടി നിർത്തുന്നു

0

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങൾ അച്ചടി നിർത്തുന്നു. മാധ്യമസ്ഥാപനമായ ഉപാലിയുടെ കീഴിലുള്ള ഇംഗ്ലിഷ് പത്രം ‘ദ് ഐലൻഡ്’ , അതിന്റെ സിംഹള പതിപ്പായ ‘ദിവൈന’ എന്നിവയുടെ അച്ചടി നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചു. ഓൺലൈൻ പതിപ്പ് തുടരും. കടലാസ് ക്ഷാമം മൂലം ചോദ്യക്കടലാസ് അച്ചടി മുടങ്ങിയതിനാൽ രാജ്യത്തെ 30 ലക്ഷത്തോളം വിദ്യാർഥികളുടെ വാർഷിക പരീക്ഷ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും മുടങ്ങി.

∙ ശ്രീലങ്കൻ രൂപയുടെ മൂല്യം ഇന്നലെ വീണ്ടും ഇ‍ടിഞ്ഞു. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഒരു ഡോളറിനു 300 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. മറ്റു ബാങ്കുകളിലും 295 രൂപ മുതൽ 300 വരെയാണ് നിരക്ക്. മാർച്ച് ഒന്നിന് ഒരു ഡോളറിന് 202 ലങ്കൻ രൂപയായിരുന്നു.

∙ രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് 14 മരുന്നുകളുടെ ഇറക്കുമതിക്കായി 10 കോടി രൂപ അനുവദിച്ചു. ശ്രീലങ്കയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ 80 ശതമാനവും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

∙ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തു കൊലപാതകങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 24നും മാർച്ച് 24നുമിടയിൽ 25 കൊലപാതകങ്ങളാണ് നടന്നത്. അതിൽ 18 കൊലപാതകങ്ങളും മേഷണവും കൊള്ളയുമായി ബന്ധപ്പെട്ടു നടന്നതാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here