കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലും വിദ്യാര്‍ഥിനികളുടെ അതിരുവിട്ട ആഘോഷം

0

കോഴിക്കോട്: പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രൊവിഡന്‍സ് കോളജില്‍ വിദ്യാര്‍ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം. ബൈക്കുകളിലും കാറിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിദ്യാര്‍ഥികളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

നേരത്തെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസിലെ സ്കൂളിലെയും മുക്കം എം ഇ എസ് കോളജിലേയും സെന്റ് ഓഫ് ആഘോഷങ്ങളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊവിഡന്‍സിലെ പുതിയ സംഭവം.

നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് വാഹനങ്ങളോടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. ആര്‍ക്കും പേരിന് പോലും ഹെല്‍മെറ്റില്ല. മിക്ക ഇരുചക്രവാഹനത്തിലും മൂന്ന് പേര്‍. നിയമങ്ങള്‍ ലംഘിച്ച് കാറുകളിലും ബൈക്കുകളിലും വിദ്യാര്‍ഥികള്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുന്നത്. വിദ്യാര്‍ഥിനികള്‍ കോളജ് മുറ്റത്ത് സ്‌കൂട്ടറും ബൈക്കും വട്ടമിട്ട് കറക്കുന്നു. പല ബൈക്കിലും രണ്ടില്‍ കൂടുതല്‍ ആളുകളാണുള്ളത്.

കാറുകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലൂടെ അമിത വേഗതയില്‍ ഓടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് വാഹനമോടിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെയാണ് പലരും വാഹനമോടിച്ചത് എന്നാണ് നിഗമനം. അനുമതിയില്ലാതെയാണ് ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികളെത്തിയതെന്നാണ് കോളജ് അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാര്‍ഥികളോടും, രക്ഷിതാക്കളോടും കോളജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാവാന്‍ കോഴിക്കോട് ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.

നിയമലംഘനങ്ങള്‍ പരിശോധിച്ച് പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

കോളേജ് വളപ്പില്‍ വിദ്യാര്‍ത്ഥികളുടെ റേസിങ്ങിനിടെ കാറും ബൈക്കും കൂട്ടിയിടിച്ചു

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തിയ റേസിങ്ങില്‍ നടക്കാവ് പൊലീസ് മൂന്ന് വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു. യാത്രയയപ്പ് ദിനത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ കാറുകളും ബൈക്കുകളുമായി സ്കൂള്‍ അങ്കണത്തില്‍ എത്തിയതും റേസിങ് നടത്തിയതും. റേസിങ്ങിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു.

ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. അവസാന വര്‍ഷ ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളാണ് കാറിലും ബൈക്കിലുമായി ക്യാംപസില്‍ പ്രവേശിച്ചത്. റേസിങ്ങിന്‍റെയും അപകടത്തിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇവര്‍ക്കെതിരെ നടപടി എടുത്തു. പ്രിന്‍സിപ്പലിന്‍റെ പരാതിയെ തുടര്‍ന്നാണ് നടക്കാവ് പോലീസ് സംഭവത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. കാറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here