പന്നിയങ്കര ടോൾ പ്ലാസ; മന്ത്രിയുമായി നടത്തിയ ചർച്ച വിജയം, ടോറസ് ലോറി ഉടമകൾ സമരം പിൻവലിച്ചു

0

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ടോറസ് ലോറി ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ടോളിൽ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയത്.

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പിരിവ് സ്തംഭിപ്പിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വാഹനങ്ങൾ ടോൾ ബൂത്തിൽ നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്. വൻ തുക ടോൾ വാങ്ങുന്നതിൽ പ്രദേശവാസികളടക്കമുള്ളവർ രംഗത്തെത്തി. ടോള്‍ ബൂത്തിന്റെ ഉള്ളിലും ഇരുഭാഗത്തുമായി അഞ്ഞൂറോളം വാഹനങ്ങൾ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ടോറസ് ഉടമകൾ.

ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സമരക്കാർ തയ്യാറായിരുന്നില്ല. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. പ്രദേശവാസികൾക്ക് നൽകിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോൾ പിരിവ് തടഞ്ഞതോടെ തൽസ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here