ചന്ദ്രയാത്രയ്ക്ക് മെഗാ റോക്കറ്റ് തയ്യാർ; എസ് എൽ എസ് റോക്കറ്റിൻ്റെ പുതിയ ചിത്രം പുറത്ത് വിട്ട് നാസ

0

ന്യൂയോർക്ക് ∙ ലോകം കാത്തുകാത്തിരുന്ന റോക്കറ്റ് വിക്ഷേപണത്തറയിൽ. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന നാസയുടെ നവീന ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന ‘സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റ്, ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിന്റെ വിക്ഷേപണത്തറയിൽ ഒരുങ്ങിനിൽക്കുന്നതിന്റെ ചിത്രം നാസ പുറത്തുവിട്ടു.

മനുഷ്യരെ ചന്ദ്രനിൽ എത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റിന്റെ പിൻഗാമിയാണ് എസ്എൽഎസ്. റോക്കറ്റിൽ ഘടിപ്പിക്കുന്ന ‘ഓറിയൺ’ എന്ന പേടകത്തിലാകും യാത്രികർ ഇരിക്കുക. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്എൽഎസിന് 32 നില കെട്ടിടത്തിന്റെ ഉയരം വരും (365 അടി). ഇത് ഇന്ത്യയുടെ പിഎസ്എൽവിയുടെ മൂന്നിരട്ടിയോളമാണ്. 2600 ടൺ ഭാരവുമുണ്ട്.

ഓറിയൺ പേടകം കൂടാതെ മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് ഇതു വഹിക്കും. ഭാവി പദ്ധതികളായ ചാന്ദ്രക്കോളനികൾക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. 3700 കോടി ഡോളർ (2.82 ലക്ഷം കോടി രൂപ) ആണ് നിർമാണച്ചെലവ്.

വരുന്ന മേയിലാണ് ആർട്ടിമിസിന്റെ ആദ്യ ദൗത്യം. ഇതിൽ മനുഷ്യർ പോകില്ല. ആഴ്ചകളെടുക്കുന്ന ഈ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുന്ന ഓറിയൺ പേടകം പസിഫിക് സമുദ്രത്തിൽ വീഴും. മൂന്നാം ദൗത്യത്തിലാകും വീണ്ടും മനുഷ്യർ ചന്ദ്രനിലെത്തുക. ഒരു പുരുഷനും ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും ഇതിലുണ്ടാകും. ഇന്ത്യൻ വംശജനായ യുഎസ് വ്യോമസേനാ കേണൽ രാജാചാരിയും സാധ്യതാ പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here