പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് മരിച്ചതോടെ സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധവും സംഘർഷവും

0

പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് മരിച്ചതോടെ സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധവും സംഘർഷവും. തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തൻ വീട്ടിൽ സി.പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) ആണ് ഇന്നലെ രാവിലെ മരിച്ചത്. പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനു മുന്നിൽ ഉച്ചയ്ക്ക് ആരംഭിച്ച വൻ പ്രതിഷേധം രാത്രിയും തുടർന്നു.

പേരൂർക്കട സ്വദേശികളായ ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയിൽ തിരുവല്ലം ജഡ്ജിക്കുന്നു ഭാഗത്തു നിന്നു ഞായർ രാത്രി എട്ടു മണിയോടെയാണു സുരേഷ് ഉൾപ്പെടെ 5 പേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അവിടെ വച്ചു തന്നെ ഇവർക്കു കടുത്ത മർദനമേറ്റതായി ബന്ധുക്കൾ പരാതിപ്പെട്ടു. കാറിലെത്തിയ ഇവർ ജഡ്ജിക്കുന്നിന്റെ രാത്രി ദൃശ്യം പകർത്തുമ്പോഴാണ് ആക്രമണത്തിനിരയായതെന്നു പൊലീസ് പറഞ്ഞു.

അവരുടെ പരാതിയിലാണു യുവാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നാണു പൊലീസ് ഭാഷ്യം. യുവാക്കളെ മർദിച്ചും വലിച്ചിഴച്ചും ജീപ്പിൽ കയറ്റി യെന്നു ബന്ധുക്കൾ പറഞ്ഞു. ഇവരുടെ വീട്ടിൽ വിവരം അറിയിച്ചില്ലെന്നും സ്റ്റേഷനിൽ വച്ചും മർദിച്ചു എന്നുമാണു പരാതി. ഇന്നലെ രാവിലെ ഇവരെ റിമാൻഡ് ചെയ്യാനുളള നടപടിക്കിടെ ആണ് സുരേഷിനു നെഞ്ചുവേദനയുണ്ടായത്. പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നില വഷളായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. സുരേഷ് അവിവാഹിതനാണ്

LEAVE A REPLY

Please enter your comment!
Please enter your name here