ചാക്കോച്ചനൊപ്പം ഇനി അവനുണ്ടാകും; അനിയത്തിപ്രാവിന്റെ 25ആം പിറന്നാളിന് സുധിയുടെ സ്പ്ലെൻഡർ സ്വന്തമാക്കി താരം

0

കുഞ്ചാക്കോ ബോബൻ, ശാലിനി, ഹീറോ ഹോണ്ട സ്പ്ലെൻഡർ എന്നീ 3 താരോദയങ്ങളാണ് 1997 മാർച്ച് 26നു സംഭവിച്ചത്. അന്നായിരുന്നു ഫാസിലിന്റെ ‘അനിയത്തിപ്രാവ്’ സിനിമയുടെ റിലീസ്. സിനിമയിലെ ആദ്യ സീൻ മുതൽ കുഞ്ചാക്കോ ബോബൻ ഓടിച്ച ചുവപ്പ് സ്പ്ലെൻഡർ ബൈക്ക് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. തന്റെ ആദ്യ സ്ക്രീൻ പ്രവേശനത്തിൽ ഒപ്പമുണ്ടായിരുന്ന സ്പ്ലെൻഡർ കാൽനൂറ്റാണ്ടിനു ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കി. നാളെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തിട്ട് 25 വർഷം ത‍ികയുന്നു.

’25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെണ്ടർ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയിൽ തന്നെ ബൈക്ക് മെയിന്റൈൻ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, കുഞ്ചാക്കോ പറയുന്നു.

അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചൻ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചൻ ഇപ്പോൾ കാസർഗോഡ് ഷൂട്ടിങ് തിരക്കിലാണ്. ഇന്നലെ ആണ് അനിയത്തി പ്രാവ് ബൈക്ക് കൊച്ചിയിലെ വീട്ടിൽ എത്തിയത്. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ ബൈക്കിൽ ഒരിക്കൽ കൂടി കറങ്ങണം എന്ന് ചാക്കോച്ചൻ പറയുന്നു.

മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ മലയാളക്കരുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന താരം തിരിച്ചുവന്നത് മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി കൊണ്ടായിരുന്നു. തന്റെ ചോക്ലേറ്റ് ഇമേജിന് അപ്പുറത്തേക്ക് വളര്‍ന്ന്, ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുന്ന താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലൊരുങ്ങുന്നത്. തമിഴ് അരങ്ങേറ്റ സിനിമയായ രണ്ടഗം, പകലും പാതിരാവും, അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ഗര്‍ര്‍ര്‍, മറിയം ടെയ്‌ലേഴ്‌സ് തുടങ്ങിയ സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിലൊരുങ്ങുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here