ജനങ്ങൾക്കു റവന്യു സംബന്ധമായ പരാതികൾ മന്ത്രിക്ക് ഓൺലൈനിൽ അയയ്ക്കാനുള്ള ‘മിത്രം’ എന്ന സേവനം ഉൾപ്പെടുന്ന ലാൻഡ് റവന്യു വകുപ്പിന്റെ പോർട്ടലിൽ തീവ്രവാദികളുടേത് എന്ന പേരിൽ സൈബർ ആക്രമണം

0

തിരുവനന്തപുരം ∙ ജനങ്ങൾക്കു റവന്യു സംബന്ധമായ പരാതികൾ മന്ത്രിക്ക് ഓൺലൈനിൽ അയയ്ക്കാനുള്ള ‘മിത്രം’ എന്ന സേവനം ഉൾപ്പെടുന്ന ലാൻഡ് റവന്യു വകുപ്പിന്റെ പോർട്ടലിൽ തീവ്രവാദികളുടേത് എന്ന പേരിൽ സൈബർ ആക്രമണം. ഇന്നലെ വൈകിട്ടാണു lrd.kerala.gov.in എന്ന പോർട്ടലിലെ മുഖപ്പേജിൽ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനും മുറിവേൽപിക്കാനുമുള്ള ശ്രമത്തിനുള്ള മുന്നറിയിപ്പ് എന്ന പേരിൽ ഒരു ജോക്കറുടെ ചിത്രം ഉൾപ്പെടുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.

പോർട്ടലിന്റെ പരിപാലന ചുമതലയുള്ള സി–ഡിറ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഡേറ്റ സുരക്ഷിതമാണെന്നാണു പ്രാഥമിക നിഗമനം. പോർട്ടലിന്റെ സുരക്ഷാ സർട്ടിഫിക്കറ്റിന്റെ കാലാവധി തീർന്നു നിമിഷങ്ങൾക്കകമാണു സൈബർ ആക്രമണം ഉണ്ടായതെന്നതും സംശയത്തിനിടയാക്കി. റവന്യു വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന എച്ച്ആർഎംഎസ് മൊഡ്യൂളും ഈ പോർട്ടലിൽ ഉൾപ്പെടുന്നതിനാൽ സ്ഥലംമാറ്റം സംബന്ധിച്ച വിവരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന തരത്തിലുള്ള സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച റവന്യു വകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് നടക്കുകയാണ്. അതേസമയം, ഭൂനികുതി ഉൾപ്പെടെ ഓൺലൈൻ പേയ്മെന്റ് സേവനങ്ങളും ഭൂമി തരംമാറ്റൽ സംബന്ധിച്ച അപേക്ഷകളും കൈകാര്യം ചെയ്യുന്ന www.revenue.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രശ്നങ്ങളില്ല. നാഷനൽ ഇൻഫർമാറ്റിക് സെന്ററിനാണ് ഇതിന്റെ പരിപാലനച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here