കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി

0

കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അന്ന് തന്നെ ഡോക്ടർമാർ മനസിലാക്കി. എന്നിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പതിനെട്ടാം തീയതി മാത്രമാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞ് മരിച്ചു.

ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപ്പോള്‍ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും കടയ്ക്കല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here