സില്‍വര്‍ ലൈന്‍ ബഫര്‍സോണിനു പുറത്താണെങ്കിലേ താമസാനുമതിരേഖ നല്‍കൂവെന്നു പഞ്ചായത്ത്‌ സെക്രട്ടറിമാര്‍; സില്‍വര്‍ ലൈന്‍ മേഖലയില്‍ താമസാനുമതി വൈകിക്കുന്നു

0

പത്തനംതിട്ട : നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന സര്‍വേ നമ്പരുകളില്‍ നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ക്കു പരിശോധനയ്‌ക്കുശേഷമേ താമസാനുമതിരേഖ (ഒക്യുെപന്‍സി സര്‍ട്ടിഫിക്കറ്റ്‌) നല്‍കാവൂവെന്നു റവന്യൂ വകുപ്പ്‌ നിര്‍ദേശം.
സില്‍വര്‍ ലൈന്‍ ബഫര്‍സോണിനു പുറത്താണെങ്കിലേ താമസാനുമതിരേഖ നല്‍കൂവെന്നു പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ വീട്ടുടമകള്‍ക്കു കത്ത്‌ നല്‍കിത്തുടങ്ങി.
തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ കൊട്ടേക്കാട്‌ വാഴപ്പിള്ളി വീട്ടില്‍ സെലിന്‍ വര്‍ഗീസ്‌ പുതിയ വീട്ടില്‍ താമസാനുമതിക്കു പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സില്‍വര്‍ ലൈന്‍ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ടതാണോയെന്നു പരിശോധിക്കണമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. വന്‍തുക വായ്‌പയെടുത്ത്‌ വീടുനിര്‍മാണം തുടങ്ങിയവരെല്ലാം നെട്ടോട്ടത്തിലാണിപ്പോള്‍.
സില്‍വര്‍ ലൈന്‍ പാതയ്‌ക്ക്‌ ആവശ്യമായ 20 മീറ്റര്‍ സ്‌ഥലത്തിന്‌ ഇരുവശവും 10 മീറ്റര്‍ വീതമാണു ബഫര്‍സോണെന്ന്‌ കെ-റെയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, ഡി.പി.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ള ബഫര്‍സോണ്‍ ഇരുവശവും 20 മീറ്റര്‍ വീതമാണ്‌. ഫലത്തില്‍ പദ്ധതിക്കായി നഷ്‌ടമാകുക 60 മീറ്റര്‍ സ്‌ഥലം. ബഫര്‍സോണില്‍ 10 മീറ്റര്‍ സ്‌ഥലത്താണു നിര്‍മാണനിയന്ത്രണം. ബഫര്‍സോണില്‍ വ്യക്‌തികള്‍ക്കു സാങ്കേതികമായി ഉടമസ്‌ഥാവകാശമുണ്ടെങ്കിലും ഭൂമി ഈടുനല്‍കി വായ്‌പയെടുക്കാന്‍പോലും കഴിയില്ല. ദേശസാല്‍കൃത ബാങ്കുകളോ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളോ വായ്‌പ നല്‍കില്ലെന്നു വ്യക്‌തമാക്കിയിട്ടുണ്ട്‌. സഹകരണ ബാങ്കുകള്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല. ഭൂമി വാങ്ങാനും ആരും തയാറല്ല.വര്‍ഷങ്ങള്‍ക്കുശേഷം പദ്ധതി യാഥാര്‍ഥ്യമായാലും ഭൂമിവില വീണ്ടും കുറയുമെന്നാണു വിദഗ്‌ധരുടെ വിലയിരുത്തല്‍.
സില്‍വര്‍ ലൈന്‍ പാതയില്‍ 130 കി.മീ. വേഗത്തില്‍ പായുന്ന ട്രെയിനിനു ശബ്‌ദവും പ്രകമ്പനവും കൂടുതലാകും. ഇതു സമീപത്തെ നിര്‍മിതികളെ ബാധിക്കും. 500 മീറ്റര്‍ ചുറ്റളവിലെങ്കിലും ജനജീവിതം ദുസ്സഹമാകും

Leave a Reply