നഗരത്തിലെ ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

0

കൊച്ചി/അങ്കമാലി: എറണാകുളം നഗരത്തിലെ ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. അങ്കമാലി പാറക്കടവ്‌ കോടുശേരി കോളനിയില്‍ സജീവ്‌-ഡിക്‌സി ദമ്പതികളുടെ മകള്‍ നോറ മരിയയാണു കൊല്ലപ്പെട്ടത്‌. കുഞ്ഞിന്റെ പിതാവിന്റെ അമ്മ സിപ്‌സിയുടെ കാമുകന്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ്‌ ഡിക്രൂസി(28)നെ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണു ദമ്പതികളെന്ന വ്യാജേന സിപ്‌സിയും ജോണും കുഞ്ഞുമൊത്ത്‌ ഹോട്ടലില്‍ മുറിയെടുത്തത്‌. ഇവര്‍ക്കൊപ്പം അഞ്ചുവയസുള്ള മൂത്തകുട്ടിയുമുണ്ടായിരുന്നു. കുട്ടികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ ഹോട്ടല്‍ ജീവനക്കാരും സംശയിച്ചില്ല. ഇന്നലെ പുലര്‍ച്ചെയോടെ സിപ്‌സി റിസപ്‌ഷനിലെത്തി കുഞ്ഞിനു സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ജീവനക്കാരോടു പറഞ്ഞു. തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപ്‌സിയും ജോണും ഹോട്ടലില്‍നിന്ന്‌ ആശുപത്രിയിലേക്കു പോകുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആദ്യം അസ്വാഭാവികമരണത്തിനാണു പോലീസ്‌ കേസെടുത്തത്‌. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതോടെ കൊലപാതകമാണെന്ന സംശയമുയര്‍ന്നു. ജോണിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തതോടെ കുറ്റം സമ്മതിച്ചു. സിപ്‌സിയോടുള്ള വൈരാഗ്യം മൂലം ബാത്ത്‌റൂമിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തിയെന്നാണു മൊഴി. സിപ്‌സിയുമായി അടുപ്പത്തിലായിരുന്ന പ്രതി, പ്രായവ്യത്യാസത്തേത്തുടര്‍ന്ന്‌ അവരുമായി അകലാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന്‌ തനിക്കെതിരേ സിപ്‌സി കള്ളക്കേസുകള്‍ നല്‍കിയതാണു വൈരാഗ്യത്തിനു കാരണമെന്നു ജോണ്‍ വെളിപ്പെടുത്തി.
കുട്ടിയുടെ മാതാവ്‌ ഡിക്‌സി വിദേശത്തുനിന്ന്‌ ഇന്നലെ വൈകിട്ടോടെ അങ്കമാലിയിലെത്തി. ഇവരുടെ ഭര്‍ത്താവ്‌ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലാണ്‌. രണ്ട്‌ കുട്ടികളെയും ഭര്‍തൃമാതാവാണു നോക്കിയിരുന്നത്‌. സജീവും ഭാര്യ ഡിക്‌സിയും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയാണ്‌. മൂന്നുമാസം മുമ്പ്‌ ഡിക്‌സി വിദേശത്തേക്കു പോയി. മൂത്തമകന്‌ അഞ്ചുവയസുണ്ട്‌. സിപ്‌സിക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ കഞ്ചാവ്‌, അടിപിടി കേസുകളുണ്ട്‌. സിപ്‌സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണു ജോണ്‍. സജീവും വിവിധ കേസുകളില്‍ പ്രതിയാണെന്നാണു വിവരം. ഡിക്‌സിയുടെ കുടുംബം കറുകുറ്റി കേബിള്‍ നഗര്‍ കോളനിയിലാണു താമസിക്കുന്നത്‌. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട്‌ കറുകുറ്റി സെന്റ്‌് സേവ്യേഴ്‌സ്‌ ഫൊറോന പള്ളിയില്‍ സംസ്‌കരിച്ചു.
ജോണ്‍ ബിനോയ്‌ ഡിക്രൂസ്‌ പള്ളുരുത്തി ഇ.എസ്‌.ഐ. ആശുപത്രി റോഡില്‍ താമസിക്കുന്ന ആളാണ്‌. ജോണിനെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു എന്നാണു സമീപവാസികള്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here