ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി

0

കൊച്ചി: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു.

പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടാക്കണം. പ്രോസിക്യൂഷൻ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ഗണേശ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് കോട്ടാത്താല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്തിലാണെന്ന് എങ്ങനെ സ്ഥാപിക്കാൻ കഴിയും. അതിന് പറ്റിയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് കോട്ടാത്തല വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്ന് കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്. മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറത്ത് ജാമ്യം റദ്ദാക്കാൻ കാരണമായ പുതിയ തെളിവുകൾ എന്തുണ്ടെന്ന് കോടതി ചോദിച്ചു. സാധ്യകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണം. കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും വിചാരണ കോടതി പറഞ്ഞു. കോടതി രേഖകള്‍ ചോര്‍ന്നെന്ന ആരോപണത്തിലാണ് പരാമർശം.

പ്രോസിക്യൂട്ടറോട് സഹതാപം ഉണ്ടെന്ന് കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടത്. രേഖകൾ ഹാജരാക്കാതിരുന്നിട്ടു കോടതി ഹർജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ എങ്ങിനെ പുറത്തുപോയെന്ന് കോടതി ചോദിച്ചു. തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എങ്ങനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ശബ്ദരേഖകൾ പുറത്തു പോയത് അന്വേഷിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here