മദ്യ ലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ പരാക്രമം

0

കൊല്ലം: മദ്യ ലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ പരാക്രമം. പുനലൂര്‍ ഡിപ്പോയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് ഇയാള്‍ എറിഞ്ഞു തകര്‍ത്തു. ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. ഷര്‍ട്ട് ഊരി ഇടുപ്പില്‍ കെട്ടിയ ശേഷം ബഹളമുണ്ടാക്കുകയായിരുന്നു.

ഇതിനിടയില്‍ യാത്രക്കാരായ പലരുമായി ഇയാള്‍ കയർത്തിരുന്നു. പിന്നീട് കല്ലെടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇയാളെ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പുനലൂര്‍ പൊലീസിന് കൈമാറി.
കെഎസ്ആർടിസിക്ക് ഇന്ധന പ്രതിസന്ധിയും
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഇരട്ടിപ്രഹരമായി ഇന്ധന പ്രതിസന്ധിയും. കെഎസ്ആർടിസിക്കുള്ള ഇന്ധനവിതരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിയതോടെ ഭൂരിപക്ഷം സർവീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്. നിലവിൽ 104 കോടി രൂപയാണ് ഇന്ധനവില ഇനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കെഎസ്ആർടിസി നൽകാനുള്ളത്. 100 കോടി രൂപവരെ കടം നൽകും എന്നതായിരുന്നു ഐഒസിയുമായി കെഎസ്ആർടിസി ധാരണ. ഈ കുടിശിക നിലനിൽക്കെ പ്രതിദിനം പണം നൽകിയായിരുന്നു ഡീസൽ വാങ്ങിയിരുന്നത്. എന്നാൽ, മുഴുവൻ കുടിശികയും തീർക്കാതെ ഇനി ഇന്ധനം നൽകില്ലെന്ന നിലപാടിലാണ് ഐഒസി.
നിലവിൽ ഭാരത് പെട്രോളിയത്തിന്റെ നാല് പമ്പുകളിൽ നിന്നാണ് കെഎസ്ആർടിസി ബസുകൾ ഡീസൽ അടിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ നാല് പമ്പുകൾ മാത്രമാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ നിന്നും മുഴുവൻ ബസുകൾക്കും ഡിസൽ നിറയ്ക്കുക എന്നത് പ്രായോ​ഗികമല്ല. അതുകൊണ്ട് തന്നെ, ഇന്ധന പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇന്ന് ഉച്ചയോടെ പല സർവീസുകളും നിർത്തിവെക്കേണ്ടി വരും.

നിലവിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ വിദേശ പര്യടനത്തിലാണ്. അദ്ദേഹം തിരിച്ചെത്താതെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകില്ലെന്ന പിടിവാശിയിലാണ് ​ഗതാ​ഗത വകുപ്പ് മന്ത്രി. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്ത് കെഎസ്ആർടിസി തൊഴിലാളികൾ പണിമുടക്ക് നടത്തിയത് തനിക്കെതിരായ യുദ്ധപ്രഖ്യാപനം എന്ന നിലയിലാണ് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു കാണുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസ് മുടങ്ങിയാലും സംസ്ഥാന സർക്കാർ കാഴ്ച്ചക്കാരുടെ റോളിൽ മാറിനിൽക്കുകയേയുള്ളൂ.

ശമ്പളം കിട്ടാൻ ഇനിയും കാത്തിരിക്കണം
കെഎസ്ആർടിസിയിൽ ശമ്പളം ഉടനൊന്നും ലഭിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 25ന് ശേഷം മാത്രമേ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം. സിഎംഡി ബിജു പ്രഭാകർ വിദേശത്ത് നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമാകും ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിനുള്ള പണം കണ്ടെത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട ​ഗതാ​ഗത വകുപ്പ് മന്ത്രിയും ചൂണ്ടിക്കാട്ടിയത് കടത്തിൽ മുങ്ങുന്ന കോർപ്പറേഷന്റെയും ഭരണവിരുദ്ധ വികാരം പേറുന്ന ജീവനക്കാരുടെയും ചിത്രമായിരുന്നു. ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയും ആവർത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
സർക്കാർ ഇത്തവണയും 30 കോടിരൂപ നൽകി എങ്കിലും ഇനിയും വേണം 52 കോടി. 20 കോടി രൂപ വായ്പ നൽകാൻ ജീവനക്കാരുടെ സഹകരണ സൊസൈറ്റി തയ്യാറാണ്. സർക്കാർ ഗ്യാരണ്ടി നൽകിയാൽ പണം കൊടുക്കാമെന്ന് കെടിഡിഎഫ്സിയും പറയുന്നുണ്ട്. അവർ 30 കോടി രുപ നൽകും. പകരം അവിടെക്കിടക്കുന്ന 30 കോടിരൂപയുടെ ബോണ്ട് കാലാവധി പൂർത്തിയാക്കുമ്പോൾ പണം കൊടുക്കണം. അതിന് സർക്കാർ അനുമതി വേണം. എന്നാൽ, കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

അതിനിടെ, ശമ്പളം വൈകുന്നതിൽ പ്രതിഷേധ പരിപാടികളുമായി ട്രേഡ് യൂണിയനുകൾ രം​ഗത്തുണ്ട്. ഐ എൻ ടി യു സി അനുകൂല TDS പ്രവർത്തകർ ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും. കെഎസ്ആർടിസി പരിസരത്തെ സമര പരിപാടികൾ വിലക്കിക്കൊണ്ടുള്ള സർക്കുലർ അവഗണിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ബിഎംഎസ് പ്രവർത്തകർ ഡിപ്പോ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. എഐടിയുസിക്ക് ഇന്ന് കരിദിനമാണ്. കറുത്ത ബാഡ്ജ് ധരിച്ച് പ്രവർത്തകർ ജോലിചെയ്യും. പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ സമയം ചോദിച്ചുള്ള കാത്തിരിപ്പിലാണ് സിഐടിയു നേതൃത്വം.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് നിത്യവൃത്തിക്ക് വക കണ്ടെത്താനാകാതെ വലയുകയാണ് മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാർ.

കൈയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ദിവസങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പോകാതെ മക്കളെ ഞെഞ്ചോട് ചേർക്കാതെ അമ്മമ്മയെയോ ഭാര്യയെയോ കാണാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഓരോരുത്തരും. പരസ്പരം കടം വാങ്ങി ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന ഗതികേട്. നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.
സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here