ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സമയം അനുവദിച്ച്  റിസര്‍വ് ബാങ്ക്

0

 
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സമയം അനുവദിച്ച്  റിസര്‍വ് ബാങ്ക്. കാര്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് പുതിയ ചട്ടം നിലവില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ചട്ടം പ്രാബല്യത്തില്‍ വരുത്തുന്നതിന് സാവകാശം തേടി ബാങ്ക് ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നുവരെ സമയം അനുവദിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

കാര്‍ഡ് ഉടമകളില്‍ നിന്ന് ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും ഒടിപിയെ അടിസ്ഥാനമാക്കി സമ്മതം വാങ്ങണമെന്ന വ്യവസ്ഥയാണ് സാവകാശം നല്‍കിയതില്‍ പ്രധാനം. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വ്യവസ്ഥ റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്. ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ച് 30 ദിവസം കഴിഞ്ഞിട്ടും കാര്‍ഡ് ഉടമ ഇത് ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ഒടിപി അടിസ്ഥാനമാക്കി കാര്‍ഡ് ഉടമയില്‍ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമ്മതം വാങ്ങണമെന്നതാണ് പുതിയ വ്യവസ്ഥയുടെ ഉള്ളടക്കം.  ഇത് ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നത്.

ഇതില്‍ അടക്കം സാവകാശം തേടിയാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചത്. ഇത് നടപ്പാക്കുന്നത് ഒക്ടോബര്‍ ഒന്നുവരെ നീട്ടിയാണ് റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചത്. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് കാര്‍ഡ് ഉടമയില്‍ നിന്ന് സമ്മതം ലഭിച്ചില്ലെങ്കില്‍ കസ്റ്റമറില്‍ നിന്ന് ചെലവ് ഈടാക്കാതെ തന്നെ ഏഴുദിവസത്തിനകം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ബാങ്കുകള്‍ക്ക് ക്ലോസ് ചെയ്യാവുന്നതാണ് എന്നതാണ് ചട്ടത്തില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം.
മുന്‍കൂട്ടി നിശ്ചയിച്ച ക്രെഡിറ്റ് പരിധിയില്‍ മാറ്റം വരുത്തുന്നില്ലെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നതാണ് മറ്റൊരു വ്യവസ്ഥ. കാര്‍ഡുടമയുടെ സമ്മതമില്ലാതെ ക്രെഡിറ്റ് പരിധിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഈ വ്യവസ്ഥ നടപ്പാക്കുന്നതിനും സാവകാശം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here