മോഷണ മുതലാണെന്ന് ആരോപിച്ച് ജൂവലറിയിൽ നിന്ന് പൊലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷത്തിനുശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു

0

തൊടുപുഴ: മോഷണ മുതലാണെന്ന് ആരോപിച്ച് ജൂവലറിയിൽ നിന്ന് പൊലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷത്തിനുശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. മോഷണക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതോടെയാണ് ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വർണം തൊടുപുഴ കണ്ടിരിക്കൽ ജൂവലേഴ്സ് ഉടമ മാത്യു കണ്ടിരിക്കലിന് തിരികെ കിട്ടിയത്. ഒപ്പം ഇതുവരെ കള്ളമുതൽ വാങ്ങാത്ത മാത്യുവിന് സത്യം തെളിഞ്ഞതിന്റെ സന്തോഷവും.

1989 ഒക്ടോബറിലാണ് സംഭവം. മുട്ടത്ത് ഒരു വീട്ടമ്മയുടെ മാല മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പൊലീസ് ജൂവലറിയിലെത്തി. മോഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. കള്ള മുതൽ വാങ്ങാറില്ലെന്ന് മാത്യു ആണയിട്ട് പറഞ്ഞിട്ടും പൊലീസ് അംഗീകരിച്ചില്ല. ഒന്നുകിൽ 10ഗ്രാം സ്വർണം പൊലീസിന് നൽകുക, അല്ലെങ്കിൽ പ്രതിയ്ക്കൊപ്പം ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് പോകുക. ഒടുവിൽ ഒരു മാലയെടുത്ത് ഉരുക്കി കട്ടിയാക്കി പൊലീസിന് നൽകി. ജൂവലറിയുടെ സീലും നമ്പറും പതിച്ച അത് 9.8 ഗ്രാമുണ്ടായിരുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്യു ആദ്യം പരാതി നൽകി. ഒരു തവണ കോടതിയിലും ഹാജരായി. പിന്നീട് അക്കാര്യം മറന്നു. ആറുമാസം മുമ്പ് കാഞ്ഞാർ സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നു. സ്വർണം തൊടുപുഴ ഫസ്റ്റ് ക്ളാസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് ഏറ്റുവാങ്ങാമെന്നായിരുന്നു അറിയിപ്പ്. പറഞ്ഞ തീയതിയിൽ പോകാനായില്ല. കഴിഞ്ഞ ഏഴിന് വക്കീലുമായി ചെന്ന് സ്വർണം ഏറ്റുവാങ്ങി. കേസിൽ വാദിയായ സ്ത്രീ നേരത്തെ മരിച്ചു. ഇവരുടെ ബന്ധുക്കൾ അവകാശവാദം ഉന്നയിച്ചെങ്കിലും കോടതിയിൽ തെളിയിക്കാനായില്ല. സ്വർണം വാങ്ങിയതിന്റെയും പൊലീസിന് നൽകിയതിന്റെയും രേഖകൾ മാത്യു ഹാജരാക്കിയിരുന്നു. 1980ൽ മാത്യുവിന്റെ പിതാവ് കട നടത്തുമ്പോഴും സമാന രീതിയിൽ സംഭവമുണ്ടായിട്ടുണ്ട്. നാല് വർഷങ്ങൾക്ക് ശേഷമാണ് അത് തിരികെ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here