തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കു മറുപടി നല്‍കാനുള്ള പി.സി. ജോര്‍ജിന്റെ മോഹത്തിനു വിലങ്ങു തീര്‍ത്ത്‌ പോലീസ്‌

0

തിരുവനന്തപുരം: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കു മറുപടി നല്‍കാനുള്ള പി.സി. ജോര്‍ജിന്റെ മോഹത്തിനു വിലങ്ങു തീര്‍ത്ത്‌ പോലീസ്‌. വിദ്വേഷപ്രസംഗ കേസില്‍ ഇന്നു രാവിലെ പതിനൊന്നിനു ഹാജരാകാന്‍ ജോര്‍ജിനു ഫോര്‍ട്ട്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എസ്‌. ഷാജി നോട്ടീസ്‌ അയച്ചു. ഹൈക്കോടതി ജാമ്യത്തില്‍ ജയില്‍മോചിതനായ ശേഷം ഇന്ന്‌ തൃക്കാക്കരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുക്കാനിരിക്കെയാണിത്‌.
ജയിലില്‍ അടച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്നു തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നായിരുന്നു പി.സി. ജോര്‍ജിന്റെ വെല്ലുവിളി. ജാമ്യവ്യവസ്‌ഥയുടെ ലംഘനമാകുമെന്നതിനാല്‍ പോലീസിനു മുന്നില്‍ ഹാജരാകാതിരിക്കാനും ജോര്‍ജിനു കഴിയില്ല. പോലീസ്‌ അനേ്വഷണത്തോട്‌ സഹകരിക്കണമെന്നാണു ജാമ്യം നല്‍കുമ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചത്‌. ജോര്‍ജിന്റെ ശബ്‌ദസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്ന നിലപാടിലാണു പോലീസും.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശം. യുവജന സംഘടനകള്‍ നല്‍കിയ പരാതിയില്‍ ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്ത പോലീസ്‌ ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു.
ജാമ്യത്തിനെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെയാണ്‌ ജാമ്യം റദ്ദാക്കി ജയിലിലേക്കയച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ടാണു ജോര്‍ജ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നിറങ്ങിയത്‌.

പി.സി. ജോര്‍ജ്‌ ഇന്ന്‌ തൃക്കാക്കരയില്‍; ചോദ്യംചെയ്യലിന്‌ ഹാജരാകില്ല

കോട്ടയം: പി.സി. ജോര്‍ജ്‌ ഇന്നു തൃക്കാക്കരയിലെത്തും. ചോദ്യംചെയ്യലിന്‌ ഇന്നു രാവിലെ 11ന്‌ അനേ്വഷണ ഉദ്യോഗസ്‌ഥനായ ഫോര്‍ട്ട്‌ സബ്‌ ഡിവിഷന്‍ എ.സി: എസ്‌. ഷാജിയുടെ മുന്നില്‍ ഹാജരാകുന്നതിനു പോലീസ്‌ നോട്ടീസ്‌ അയച്ചിരുന്നു. എന്നാല്‍, ഇന്ന്‌ എത്താന്‍ കഴിയില്ലെന്ന്‌ എ.സിയെ പി.സി. ജോര്‍ജ്‌ അറിയിച്ചു. രാവിലെ 6.30 ന്‌ അദ്ദേഹം വീട്ടില്‍നിന്നു തൃക്കാക്കരയിലേക്കു പുറപ്പെടും.
സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന്‌ അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ചത്തെ ചോദ്യംചെയ്യല്‍ നാടകത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക്‌ ഇന്നു തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ മറുപടി നല്‍കും. പറയാനുള്ളത്‌ ആരെയും ഭയക്കാതെ പറയും. നിയമം പാലിക്കും. കോടതി നിര്‍ദേശം പാലിച്ചാകും കാര്യങ്ങള്‍ വിശദമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here