നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാലയ്ക്ക് ചരിത്ര നേട്ടം

0

തിരുവനന്തപുരം: നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാലയ്ക്ക് ചരിത്ര നേട്ടം. സർവകലാശാലക്ക് A++ ഗ്രേഡ് ലഭിച്ചു. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. കേരളത്തിലെ ഒരു സർവകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. NAAC റി അക്രഡിറ്റേഷനിലാണ് കേരള സർവകലാശാല ചരിത്ര നേട്ടം കരസ്ഥമാക്കിയത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുക.

3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. സർവകലാശാല വൈസ് ചാൻസലർ വി.പി മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രയത്‌നമാണ് ഈ നേട്ടത്തിലെത്തിച്ചത്. NAAC സംഘം എത്തുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി 70 മാർക്ക് ഇടും. ബാക്കി 30 മാർക്ക് നേരിട്ട് വിവിധ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നൽകുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുൻപ് തന്നെ എല്ലാ ഡിപ്പാർട്‌മെന്റുകളും വലിയ പ്രയത്‌നം തന്നെ നടത്തിയിരുന്നു.

നല്ല പ്രസന്റേഷനുകൾ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു. 800 മുതൽ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയിൽ നിന്ന് സർവകലാശാലയ്ക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. മറ്റ് സർവകലാശാലകളും സമാനമായ മാർഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

നേട്ടം കൈവരിച്ച സർവകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുൾപ്പെടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നൽകാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here