വീറും വാശിയും ഉപേക്ഷിച്ചിട്ടാണെങ്കിലും പരസ്‌പരം പണ്ടു നടത്തിയ പോരാട്ടങ്ങള്‍ വിസ്‌മരിക്കാതെ അവര്‍ ഒത്തുചേര്‍ന്നു

0

വീറും വാശിയും ഉപേക്ഷിച്ചിട്ടാണെങ്കിലും പരസ്‌പരം പണ്ടു നടത്തിയ പോരാട്ടങ്ങള്‍ വിസ്‌മരിക്കാതെ അവര്‍ ഒത്തുചേര്‍ന്നു. ഭരണ-പ്രതിപക്ഷ ബെഞ്ചുകളിലിരുന്ന്‌ വാക്കുകള്‍ കൊണ്ടും വാദങ്ങള്‍ കൊണ്ടും പരസ്‌പരം കീറിമുറിച്ചവര്‍ ഒത്തുചേര്‍ന്ന്‌ ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ നിയമസഭയ്‌ക്ക്‌ അത്‌ വേറിട്ട അനുഭവമായി. കേരള നിയമസഭയിലെ മുന്‍ സാമാജികരുടെ ഒത്തുചേരലിനാണ്‌ ഇന്നലെ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ച്‌ വേദിയായത്‌. സ്‌പീക്കര്‍ എം.ബി. രാജേഷ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു.
മുന്‍ സാമാജികരില്‍ ചിലര്‍ കുടുംബസമേതമാണെത്തിയത്‌. മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ്‌ ഉള്‍പ്പെടെ, മരണമടഞ്ഞ മുന്‍അംഗങ്ങളുടെ കുടുംബാംഗങ്ങളും സംഗമത്തിനെത്തി. നിയമസഭയില്‍ ഒരു കാലത്ത്‌ വിരുദ്ധചേരികളിലിരുന്ന്‌ വീറോടെ പൊരുതുകയും വാദിക്കുകയും ചെയ്‌തവര്‍ ഇപ്പോള്‍ ഒരുമിച്ചിരുന്ന്‌ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത്‌ മികച്ച അനുഭവമാണെന്ന്‌ സ്‌പീക്കര്‍ പറഞ്ഞു
. എം.എല്‍.എമാര്‍ കാലാവധി തീരുമ്പോള്‍ മുന്‍ എം.എല്‍.എമാരാകുമെങ്കിലും ഒരിക്കലും മാറ്റം സംഭവിക്കാത്ത പദവിയാണ്‌ മുന്‍ എം.എല്‍.എയുടേതും മുന്‍ എം.പിയുടേതുമെന്നും സ്‌പീക്കര്‍ പറഞ്ഞു.
1750 നിയമങ്ങള്‍ നിര്‍മിച്ച കേരള നിയമസഭ അതിനായി 3396 ദിവസം സമ്മേളിച്ചെന്ന്‌ അധ്യക്ഷത വഹിച്ച ഫോറം ചെയര്‍മാന്‍ കൂടിയായ മുന്‍ സ്‌പീക്കര്‍ എം. വിജയകുമാര്‍ പറഞ്ഞു. നമ്മുടെ സബ്‌ജക്‌ട്‌ കമ്മിറ്റികളെയാണ്‌ പില്‍ക്കാലത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട്‌ പാര്‍ലമെന്റ്‌ മാതൃകയാക്കിയതെന്നും വിജയകുമാര്‍ പറഞ്ഞു.
നിയമസഭ ചര്‍ച്ച ചെയ്‌ത്‌ സെലക്‌ട്‌ കമ്മിറ്റികള്‍ക്ക്‌ വിടുന്ന ബില്ലുകള്‍ മുന്‍ സാമാജികര്‍ക്ക്‌ ചര്‍ച്ചയ്‌ക്കായി അവസരമുണ്ടാക്കണമെന്നും പ്രീ ബജറ്റ്‌ ചര്‍ച്ചകളില്‍ മുന്‍ സാമാജികര്‍ക്ക്‌ പ്രത്യേക അവസരമൊരുക്കണമെന്നും യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. വിമോചനസമരം കത്തിക്കാളിയ 57ലെ ആദ്യ നിയമസഭാകാലത്ത്‌ ഒരിക്കല്‍ പോലും നിയമസഭാ നടപടികള്‍ സ്‌തംഭിച്ചിട്ടില്ലെന്ന്‌ വി.എം. സുധീരന്‍ ഓര്‍മിപ്പിച്ചു. 1957 മുതല്‍ 64 വരെ ഒറ്റ ദിവസം പോലും സഭ സ്‌തംഭിച്ചിട്ടില്ല. 67 മുതലാണ്‌ സഭാസ്‌തംഭനം തുടങ്ങുന്നത്‌. ഇപ്പോഴത്തെ പതിനഞ്ചാം കേരള നിയമസഭയില്‍ അതിന്റെ തീവ്രതയ്‌ക്കൊരു മാറ്റമുണ്ടായത്‌ ശുഭകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫോറം ജനറല്‍സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ സ്വാഗതമാശംസിച്ചു.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു വേണ്ടി മുന്‍ എം.എല്‍.എ: കെ.എ. ചന്ദ്രനും മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ വേണ്ടി മകന്‍ വി.എ. അരുണ്‍കുമാറും സ്‌പീക്കറില്‍നിന്ന്‌ ഉപഹാരം ഏറ്റുവാങ്ങി. വി.എം. സുധീരന്‍, എന്‍. ശക്‌തന്‍, മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ്‌ കുട്ടി, ഭാര്‍ഗവി തങ്കപ്പന്‍, പാലോട്‌ രവി, ജോസ്‌ ബേബി, പി.എം. മാത്യു, എ.എന്‍. രാജന്‍ബാബു, ജോണി നെല്ലൂര്‍, ആര്‍. ഉണ്ണിക്കൃഷ്‌ണപിള്ള, കെ.ആര്‍. ചന്ദ്രമോഹന്‍ തുടങ്ങിയവരെ ആദരിച്ചു. മുന്‍ മന്ത്രി ജോസ്‌ തെറ്റയിലിന്റെ “പ്രകൃതി: ഭാവങ്ങളും പ്രതിഭാസങ്ങളും” എന്ന പുസ്‌തകം വി.എം. സുധീരന്‌ കൈമാറി സ്‌പീക്കര്‍ പ്രകാശനം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here