പൊതുചടങ്ങിന്റെ ചിത്രമെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകൻ ബെന്നി പോളിനു നേരെ ജനമധ്യത്തിൽ പൊലീസ് അതിക്രമം

0

പൊതുചടങ്ങിന്റെ ചിത്രമെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകൻ ബെന്നി പോളിനു നേരെ ജനമധ്യത്തിൽ പൊലീസ് അതിക്രമം. മോശമായ പെരുമാറ്റവും കയ്യേറ്റവും ചോദ്യം ചെയ്തപ്പോൾ വഞ്ചിയൂർ സിഐ വി.വി.ദിപിനും സംഘവും ബെന്നിയെ പിടിച്ചുവലിച്ചു ജീപ്പിൽ തള്ളിയിട്ടു വഞ്ചിയൂർ സ്റ്റേഷനിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോടും സിഐ മോശമായി പെരുമാറിയെന്നു പരാതിയുണ്ട്.

സ്റ്റേഷനു മുന്നിൽ മാധ്യമ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നിർദേശപ്രകാരം രണ്ടു മണിക്കൂറിനു ശേഷമാണു സ്റ്റേഷനിൽ നിന്നു വിട്ടത്.

ഇന്നലെ വൈകിട്ട് പാറ്റൂർ മാർത്തോമ്മാ പള്ളിയിൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനത്തിന്റെ ചിത്രമെടുക്കാൻ എത്തിയപ്പോഴാണു സംഭവം. ബൈക്ക് റോഡരികിൽ വച്ചപ്പോൾ മറ്റൊരിടത്തേക്കു മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടു. അതുപ്രകാരം വണ്ടിയെടുത്തു പോകുന്നതിനിടെ കുറച്ചു മാറി നിന്നിരുന്ന സിഐ ദിപിൻ ‘എടുത്തോണ്ടു പോടാ’ എന്ന് ആക്രോശിച്ചു രംഗത്തെത്തി. പിന്നീടു ചടങ്ങിന്റെ ചിത്രമെടുത്ത ശേഷം മടങ്ങുമ്പോൾ ഇദ്ദേഹത്തെ നേരിട്ടു കണ്ട് ‘പൊതുജനങ്ങളോടു സഭ്യമായ ഭാഷ ഉപയോഗിക്കണ’മെന്നു ബെന്നി പറഞ്ഞതാണു സിഐയെ പ്രകോപിപ്പിച്ചത്.

അതു ചോദിക്കാൻ നീയാരാണെന്നു സിഐ ചോദിച്ചു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ പിടിച്ചു തള്ളി. സിഐയും കയ്യേറ്റം ചെയ്തു. അപ്പോഴേക്കും മറ്റു പൊലീസുകാരും ഓടിയെത്തി ഇദ്ദേഹത്തെ വലിച്ചിഴച്ചു ജീപ്പിൽ തള്ളിക്കയറ്റി നേരെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. മൊബൈൽ ഫോണും ക്യാമറയും ലെൻസും അടങ്ങിയ ബാഗും പിടിച്ചുവലിച്ചെടുത്തു.

അന്യായമായി കേസെടുക്കാൻ നീക്കമുണ്ടെന്നറിഞ്ഞു കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, പ്രസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തി. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനു കേസെടുക്കുമെന്നു സിഐ ഭീഷണി മുഴക്കി. സ്റ്റേഷനിലും സംഘർഷ രംഗങ്ങളുണ്ടായി. തുടർന്നാണ് അസി. കമ്മിഷണർ എത്തിയത്. കയ്യേറ്റത്തിനിടെ ബെന്നിക്കു പരുക്കേറ്റു.

Leave a Reply