തിരുവനന്തപുരം: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നൽകിയത് 1000 ദിവസത്തെ പരോൾ.
സഭയിൽ തിരുവഞ്ചൂരിൻറെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.
കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്. കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേർക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്.
കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ.
അതേസമയം, കൊടിസുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.