കണ്ണൂർ ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും

0

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവർക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു.

രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം.പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള ജോലിയും ഉടൻ തുടങ്ങും.കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറി. വന്യജീവി ആക്രമണങ്ങൾക്കെതിരെ സണ്ണി ജോസഫ് എംഎൽഎ ഇന്ന് ഇരിട്ടിയിൽ ഉപവാസ സമരം നടത്തും.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്. 

ആദ്യ മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; ഞെട്ടല്‍ ഉണ്ടാക്കുന്ന മനോനിലയെന്ന് പൊലീസ്

തിരുവനന്തപുരം: ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായുള്ള വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നുപറച്ചിലില്‍ ഞെട്ടി പൊലീസ്. കൂട്ടക്കൊലയ്ക്കിടെ ബാറില്‍ പോയി മദ്യപിക്കുന്നത് ഞെട്ടല്‍ ഉണ്ടാക്കുന്ന മനോനിലയാണെന്ന് പൊലീസ് പറഞ്ഞു.

ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയത്. ബന്ധുക്കള്‍ അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മനോനില പൊലീസിനെ കുഴയ്ക്കുകയാണ്. ഇത്രയും മണിക്കൂറുകളുടെ ഇടവേളകളില്‍ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറില്‍ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും അരും കൊലകള്‍ നടത്തുകയും ചെയ്യുന്ന രീതി മുന്‍പ് കേട്ടിട്ടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പേരുമല ആര്‍ച്ച് ജംഗ്ഷനിലെ സ്വന്തം വീട്ടില്‍ വച്ച് അമ്മ ഷമിയെയാണ് അഫാന്‍ ആദ്യം തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്നു കരുതി വീടു പൂട്ടി കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയുടെ അടുത്തേക്ക് പോയി. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. അവിടെയെത്തി ഏഴു മിനിറ്റുള്ളില്‍ മുത്തശ്ശിയെ കൊലപ്പെടുത്തി പുറത്തിറങ്ങി. വീട്ടിലേക്ക് അഫാന്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിസരത്തെ സിസിടിവിയില്‍നിന്നു പൊലീസിനു ലഭിച്ചു.

പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ പുല്ലമ്പാറ എസ്എന്‍ പുരത്ത് താമസിക്കുന്ന പിതൃ സഹോദരന്‍ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ സജിത ബീവിയെയും പിന്നാലെ കൊലപ്പെടുത്തി. അതിനുശേഷമാണ് പ്രതി വെഞ്ഞാറമൂട്ടിലെ ഒരു ബാറില്‍ കയറി മദ്യപിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സഹോദരന്‍ അഫ്‌സാന്‍ ഉച്ചവരെ പരീക്ഷയ്ക്കായി സ്‌കൂളിലായിരുന്നു. മൂന്നു മണിയോടെ സ്‌കൂളില്‍ നിന്ന് എത്തിയ അഫ്‌സാനെ കുഴിമന്തി വാങ്ങിക്കാനായി ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട്ടിലെ കടയിലേക്ക് അയച്ചു. ഇതിനിടെ മുക്കുന്നൂര്‍ പുതൂരില്‍ താമസിക്കുന്ന സുഹൃത്ത് ഫര്‍സാനയുടെ വീട്ടിലെത്തി അവരെ ഒപ്പം കൂട്ടി. പിന്നീട് മൂന്നു പേരുമായി പേരുമലയിലെ വീട്ടിലെത്തി.വൈകിട്ട് ആറു മണിക്ക് മുന്‍പായി അവരെയും കൊലപ്പെടുത്തി. അഫാന്റെ ഈ രീതിയാണ് പൊലീസിനെ കുഴയ്ക്കുന്നത്.

സാധാരണഗതിയില്‍ കൂട്ടക്കൊല നടത്തുന്ന പ്രതികള്‍ എത്രയും വേഗം ഒളിവില്‍ പോവുകയോ അല്ലെങ്കില്‍ കീഴടങ്ങുകയോ ചെയ്യും. ഇത്രയും നീണ്ട സമയം എടുത്ത്, ഒരു പരിഭ്രമവും ഇല്ലാതെ അടുത്ത ബന്ധുക്കളുടെ കൊലപാതകം നടത്തുന്നതും കൊലപാതക ശേഷം പരിചയക്കാരോട് സാധാരണ പോലെ ഇടപഴകുന്നതും മുന്‍പ് അധികം കണ്ടിട്ടില്ലാത്ത രീതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാനെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. ആവശ്യമെങ്കില്‍ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും പൊലീസ് തേടിയേക്കും.

ആശ വർക്കർമാരുടെ സമരം ഇന്ന് പതിനേഴാം ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം.

സമരത്തിലുള്ള ആശമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർമാർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറകടറുടെ നിർദേശം പുറത്ത് ഇറങ്ങിയിരുന്നു.

എന്നാൽ ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്.

നാഷ്ണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം) ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയ കത്തിന് എതിരെ ആശമാർ രംഗത്തെത്തിയിട്ടുണ്ട്.

എൻഎച്ച്എമ്മിൻറെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.

വിദര്‍ഭയുടെ റണ്‍ മെഷീന്‍! രഞ്ജി ഫൈനലില്‍ കേരളത്തിന് വെല്ലുവിളിയാവുക മലയാളി താരം കരുണ്‍ നായര്‍

0

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കനത്ത വെല്ലുവിളിയാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് അവര്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നുള്ളത്. ഇതുവരെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടിലും അവര്‍ വിജയിച്ചു. ഗുജറാത്തിനെതിരായ മത്സരം മാത്രം സമനിലയില്‍ പിരിയുകയായിരുന്നു. ക്വാര്‍ട്ടറിലും സെമി ഫൈനലിലും ശക്തരായ എതിരാളികള്‍ക്കെതിരെ ആയിരുന്നു വിദര്‍ഭയുടെ ജയം. സെമിയില്‍ മുംബൈയേയും ക്വാര്‍ട്ടറില്‍ തമിഴ്നാടിനേയും വിദര്‍ഭ തോല്‍പ്പിച്ചിരുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി ഗ്രൗണ്ട് തന്നെയാണ്. ഫൈനല്‍ മത്സരം, വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് കേരളത്തിന് കളിക്കേണ്ടത്. ആറ് തവണ ഇതേ ഗ്രൗണ്ടിലാണ് വിദര്‍ഭ കളിച്ചത്. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഇതും കൂടാതെ മറ്റൊര ഘടകം കൂടിയുണ്ട്. വിദര്‍ഭയുടെ മലയാളിതാരം കരുണ്‍ നായര്‍. രഞ്ജി റണ്‍വേട്ടക്കാരില്‍ 12ാം സ്ഥാനത്തുണ്ട് കരുണ്‍. എട്ട് മത്സരങ്ങളില്‍ (14 ഇന്നിംഗ്സ്) നേടിയത് 642 റണ്‍സ്. വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ട്. രഞ്ജില്‍ മാത്രമല്ല, ആഭ്യന്തര സീസണിലുടനീളം തകര്‍പ്പന്‍ ഫോമിലാണ്. കേരളം എങ്ങനെ അദ്ദേഹത്തെ മെരുക്കുമെന്നത് കണ്ടറിയണം.

സെമി ഫൈനലില്‍ മുംബൈക്കെതിരെ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്നാടിനെതിരെ 198 റണ്‍സിനും ജയിച്ചു. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 58 റണ്‍സിനും തോല്‍പ്പിച്ചു. അതിന് മുമ്പ് ശക്തരായ ഗുജറാത്തിനോട് സമനില. ക്വാര്‍ട്ടറിലും സെമിയിലും ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായ ടീം ആദ്യം ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വിദര്‍ഭ. ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവരെ തോല്‍പ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചിരുന്നു. 

ആന്ധ്രയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഹിമാചലിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ഈ ഗ്രൗണ്ടിനെ കേരളം പേടിക്കേണ്ടതുണ്ട്. അവരുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തു. വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്നം കാണുന്നുണ്ടാവും.  2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്.

എഐ പണി തുടങ്ങി മക്കളേ… ജോലിയെടുക്കാൻ മനുഷ്യർ വേണ്ട, 4000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് ഡിബിഎസ് ബാങ്ക് 

0

ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് രം​ഗത്ത്. ജീവനക്കാർക്ക് പകരം നിർമിത ബുദ്ധിയെ ഉപയോ​ഗിക്കുമെന്നും ബാങ്ക് അറിയിച്ചു. താൽക്കാലിക, കരാർ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാൽ നിലവിൽ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു.  സിംഗപ്പൂരിൽ എത്ര ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, നിർദ്ദിഷ്ട പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താൽക്കാലിക/കരാർ ജീവനക്കാരെ ഒഴിവാക്കാൻ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവിൽ, ഡിബിഎസിൽ 8,000 മുതൽ 9,000 വരെ താൽക്കാലിക, കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാർ. കഴിഞ്ഞ വർഷം, ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി. 

മാർച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാൻ സു ഷാൻ അദ്ദേഹത്തിന്റെ പിൻഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും  ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകിയിരുന്നു. എഐ മൊത്തത്തിലുള്ള അസമത്വം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞിരുന്നു.

വെഞ്ഞാറമൂട് കൂട്ടകൊല: ആശുപത്രിയിൽ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, ഉമ്മയുടെ ആരോഗ്യനില തൃപ്തികരം

0

തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ്
പൊലീസ് ശ്രമം.

രഞ്ജിയില്‍ ചരിത്ര നേട്ടത്തിനരികെ കേരളം! വിദര്‍ഭ ലക്ഷ്യമിടുന്നത് മൂന്നാം കിരീടം

0

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് സച്ചിന്‍ ബേബിയും സംഘവും. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിന്റെ  മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതക്കുതിപ്പുകളില്‍ ഒന്നായിരുന്നു. ഇന്ന് വിദര്‍ഭയ്‌ക്കെതിരെ ഫൈനല്‍ കളിക്കാനെത്തുമ്പോല്‍ സഞ്ജുവിനപ്പുറം കേരളത്തിന്റെ പേര് വീണ്ടും ഉയര്‍ന്ന് കേള്‍ക്കുകയാണ് ദേശീയ ക്രിക്കറ്റില്‍. സീസന്റെ തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറിയ ടീമായിരുന്നു ഇത്തവണത്തേത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ അര്‍ഹിച്ച ഭാഗ്യവും അവര്‍ക്കൊപ്പം നിന്നപ്പോള്‍ രഞ്ജിയുടെ ചരിത്രത്തില്‍ കേരളം ആദ്യമായി ഫൈനലിന് യോഗ്യത നേടി. 

ക്വാര്‍ട്ടറില്‍ നിര്‍ണ്ണായകമായത് ഒരു റണ്ണിന്റെ ലീഡെങ്കില്‍ സെമി ഫൈനലില്‍ അത് രണ്ടായിരുന്നു. രണ്ട് കളികളിലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പൊരുതിക്കയറിയാണ് കേരളം അടുത്ത റൗണ്ട് ഉറപ്പിച്ചത്. സീസണിലുടനീളം ബാറ്റിങ് നിരയുടെ കരുത്തായ സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും, ബൌളിങ് നിരയില്‍ നിധീഷും ഓള്‍ റൌണ്ട് സാന്നിധ്യങ്ങളായ ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയുമെല്ലാം ഈ നേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ചവരാണ്. ഇവര്‍ക്കൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പേര് ടീമിനെ പോസിറ്റീവ് ഗെയിമിന്റെ വഴിയിലൂടെ നയിച്ച കോച്ച് അമയ് ഖുറേസിയയുടേതാണ്. ഖുറേസിയ ടീമിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അഭിമുഖങ്ങളില്‍ സല്‍മാനും അസറുദ്ദീനും എല്ലാം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 

94-95ലായിരുന്നു കേരളം ആദ്യമായി നോക്കൌട്ടിലേക്ക് മുന്നേറുന്നത്. കെ എന്‍ അനന്തപത്മനാഭന്റെ നേതൃത്വത്തിലുള്ള ടീം കരുത്തരായ തമിഴ്‌നാടിനെ വരെ തോല്‍ച്ചായിരുന്നു നോക്കൌട്ടിലെത്തിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനോട് ലീഡ് വഴങ്ങി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് കേരളം ക്വാര്‍ട്ടര്‍ കളിക്കുന്നത് 2017-18ല്‍ വിര്‍ഭയോടാണ്. അന്ന് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും അടുത്ത വര്‍ഷം ഗുജറാത്തിനെ തോല്‍പിച്ച് സെമി വരെ മുന്നേറി. പക്ഷെ വിദര്‍ഭയോട് ഇന്നിങ്‌സ് തോല്‍വി വഴങ്ങി പുറത്തേക്ക്. 

തുടര്‍ന്ന് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം ഇത്തവണ നോക്കൌട്ട് കളിച്ചത്. മുന്‍ ടീമുകളെ അപേക്ഷിച്ച് കുറേക്കൂടി സന്തുലിതമാണ് ഇത്തവണത്തെ ടീം. കരുത്തുറ്റ മധ്യനിരയും ആഴത്തിലുള്ള ബാറ്റിങ്ങും ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയും അടങ്ങുന്ന മറുനാടന്‍ താരങ്ങളുടെ പരിചയ സമ്പത്തുമെല്ലാമാണ് ഇത്തവണത്തെ ടീമിന്റെ മികവ്. അത് കൊണ്ട് തന്നെ സമ്മര്‍ദ്ദങ്ങളെ മറികടന്ന് അവസരത്തിനൊത്ത് ഉയരാനായാല്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെയും കേരളത്തിന് പ്രതീക്ഷകളുണ്ട്.

പുലർച്ചെ സുൽത്താൻബത്തേരി ബിവറജിൽ 3 പേർ, മോഷ്ടിച്ചത് ബിയറും ബ്രാണ്ടിയുമടക്കം 7 ലിറ്റർ മദ്യം, വലവിരിച്ച് പൊലീസ്

0

സുല്‍ത്താന്‍ബത്തേരി: നഗത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. ബീനാച്ചിയില്‍ നിന്ന് പനമരത്തേക്ക് പോകുന്ന റോഡിനരികെ മന്ദംകൊല്ലിയിലെ ബിവറേജ് ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നിരിക്കുന്നത്. പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ മദ്യക്കുപ്പികള്‍ കവര്‍ന്നു. മോഷ്ടാക്കളുടെ  സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ രാവിലെ  ഔട്ട്‌ലെറ്റ്  തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പുലര്‍ച്ചെ ഒന്നേകാലിനും മൂന്നരയ്ക്കും ഇടയ്ക്കാണ് ഔട്ട്‌ലൈറ്റില്‍ മോഷണം നടന്നിരിക്കുന്നത്.  അകത്തു കടന്ന മോഷ്ടാക്കള്‍  ബ്രാണ്ടിയും ബിയറുമടക്കം ഏഴ് ലിറ്റര്‍ മദ്യം  അപഹരിച്ചതായാണ് പ്രാഥമിക വിവരം. മാനേജര്‍  ക്യാബിനിലുള്ള പണം സൂക്ഷിക്കുന്ന ഭാ​ഗം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇത് പൊളിക്കാന്‍ ഉപയോഗിച്ച് എന്ന് കരുതുന്ന വലിയ കല്ലും പൊലീസ് കണ്ടെത്തി.

മദ്യത്തിന്റെ കൃത്യമായ സ്റ്റോക്ക് എടുത്താല്‍ മാത്രമെ എത്ര ലിറ്റര്‍ മദ്യം നഷ്ടമായി എന്ന കണക്ക് വ്യക്തമാകുവെന്ന് മാനേജര്‍ വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി.

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല; പ്രതിയുടെ മാനസിക നിലയിൽ പ്രശ്നമില്ലെന്ന് നിഗമനം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻറെ  മാനസിക നിലയിൽ പ്രശ്നമില്ലെന്നാണ് നിഗമനം.

അഫാൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ഡിവൈഎസ്‍പി പറഞ്ഞു.  ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും.

കൊലപാതകങ്ങൾക്ക് പിന്നിൽ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.

എന്നാൽ  സാമ്പത്തിക ബാധ്യതയെന്ന് പ്രതി നേരത്തെ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.   അതിനിടെ കൊല്ലപ്പെട്ട സൽമാ ബീവിയുടെയും അഫ്സാൻറെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി.

അഫാൻറെ ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിൽ  കഴിയുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഷെമിയെ നേരിൽ കണ്ടുവെന്നും സംസാരം വ്യക്തമാകുന്നില്ലെന്നും സഹോദരൻ ഷമീർ പറഞ്ഞു.  തലേ ദിവസം വരെ വിശേഷം തിരക്കി അഫാൻ മെസേജ് അയച്ചിരുന്നു. കുടുംബത്തിന് ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ  ഉണ്ടായിരുന്നുവെന്നും ഷെമീർ കൂട്ടിച്ചേർത്തു.

ശിവരാത്രി: കൊച്ചി മെട്രോ സർവീസ് സമയം വർധിപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ചാണ് സമയം നീട്ടിയത്.

ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുള്ള സർവീസുകൾ  രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയിൽ നിന്നുള്ള സർവീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും.

തുടർന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂർ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും  ആലുവയിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.

കറക്കം ആഢംബര കാറിൽ! പൾസർ സുനിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി പൊലീസ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യലിറങ്ങിയിരിക്കുന്ന പൾസർ സുനിയുടെ ഇടപാടുകളിൽ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

ജാമ്യത്തിലിറങ്ങി കഴിയുന്ന സുനിയുടെ കറക്കം   ആഢംബര കാറിലാണ്.  എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പൾസർ സുനി ഉപയോഗിച്ചിരുന്നത്.

എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി.  സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കും.

കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം രൂപയ്ക്കാണ് കാർ പണയത്തിന് എടുത്തത്. പൾസർ സുനി കൂടുതലും വാട്സ്ആപ്പ് കോളുകളാണ് വിളിച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തി.

ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ പൾസർ സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ തിങ്കളാഴ്ച വിട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശമുണ്ട്. 

കൊടും ചൂട്; സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ അറസ്റ്റ് നടപടിക്രമം പാലിക്കാതെയെന്ന് വാദം; ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന്

0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോൾ ചെന്താമരയുടെ അറസ്റ്റിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് വിവരം പ്രതിയെയും സഹോദരനെയും അറിയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നൽകാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്.

­ 

എയർപോർട്ടിലെ പരിശോധനയിൽ എല്ലാം ഒ.കെയായിരുന്നെങ്കിലും മുടിയിൽ സംശയം; വിഗ് പുറത്തെടുത്തപ്പോൾ കിട്ടിയത് കൊക്കൈൻ

0

കൊളംബിയ: വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികളെയും പരിശോധനാ സംവിധാനങ്ങളെയും കബളിപ്പിക്കാൻ ഓരോ ദിവസവും പുതിയ പുതിയ വഴികളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത്. ഏതൊക്കെ തരത്തിൽ നിരോധിത വസ്തുക്കൾ കടത്തുന്നുണ്ടെന്ന് കണ്ടെത്താൻ വലിയ അധ്വാനമാണ് നമ്മുടെ നാട്ടിലും പുറത്തുമൊക്കെ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തുന്നത്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കൊളംബിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ആംസ്റ്റർഡാമിലേക്കുള്ള ഒരു വിമാനത്തിൽ പോകാനായി കൊളംബിയയിലുള്ള റാഫേൽ നൂനെസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു കൊളംബിയൻ പൗരൻ തന്നെയാണ് പിടിയിലായത്. ഇയാളുടെ മുൻകാല യാത്രാ ചരിത്രവും മറ്റ് വിവരങ്ങളും പരിശോധിച്ചപ്പോൾ അധികൃതർക്ക് സംശയം തോന്നി. തുടർന്ന് വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള ഇയാളുട നീക്കങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ശേഷം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിലാണ് ഇയാളുടെ മുടിയിൽ അസ്വഭാവികത ഉള്ളതായി സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത്.

മുടിയല്ല വിഗ്ഗാണ് ഇയാൾ ധരിച്ചിരിക്കുന്നതെന്ന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് കത്രിക ഉപയോഗിച്ച് വിഗ് മുറിച്ചെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഗ്ഗിനുളളിൽ 19 കൊക്കൈൻ ക്യാപ്സ്യൂളുകളാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇതിന് ഏകദേശം 10,000 യൂറോ (ഒൻപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലവരുമെന്നാണ് കണക്കാക്കുന്നത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത്, ലഹരി വസ്തു നിർമാണം, ലഹരി പദാർത്ഥങ്ങൾ കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിൻ്റ; ‘രാഷ്ട്രീയപാർട്ടി പ്രചരിപ്പിച്ചത് വ്യാജ വാർത്ത’

0

ദില്ലി: കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം. വ്യാജ ആരോപണമാണിതെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.