കേരള ക്രിക്കറ്റ് ടീമിന് ഗംഭീര സ്വീകരണം; ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണും, സര്‍ക്കാര്‍ അനുമോദിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് ഉജ്വല സ്വീകരണം. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ടീമിനെ സംസ്ഥാന സര്‍ക്കാരും ഇന്ന് അനുമോദിക്കും. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിന് തൊട്ടരികെയെത്തിയ കേരള ടീം നാഗ്പൂരില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ തിരിച്ചെത്തിയത് നാടിന്റെ മുഴുവന്‍ സ്‌നേഹത്തിലേക്ക്.

കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തും ടീമിന് ആഘോഷ സ്വീകരണം. സംസ്ഥാന സര്‍ക്കാരും കേരള ടീമിനെ ഇന്ന് അനുമോദിക്കും. വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയാവും. 

രഞ്ജിയിലെ ടീമിന്റെ പ്രകടനം ദേശിയ തലത്തില്‍ സെലക്ടര്‍മാരടക്കം ശ്രദ്ധിക്കും എന്ന പ്രതീക്ഷയില്‍ ആണ് താരങ്ങള്‍. വരും സീസണ്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ പോസിറ്റീവായി ഒരുങ്ങാന്‍ ശ്രമിക്കുമെന്നും താരങ്ങള്‍ പറയുന്നു. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്ക്ക് സമ്മാനത്തുകയായി കിട്ടിയത് അഞ്ച് കോടി രൂപ. റണ്ണേഴ്‌സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപയാണ് സമ്മാനത്തുക.

2023ലാണ് ബിസിസിഐ സമ്മാനത്തുക വര്‍ധിപ്പിച്ചത്. 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ബിസിസിഐ കൂട്ടിയത്. ചാംപ്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. കോച്ച് ഉസ്മാന്‍ ഖനിക്ക് 15 ലക്ഷം രൂപയും സഹപരിശീലകന്‍ അതുല്‍ റാനഡേയ്ക്ക് അഞ്ച് ലക്ഷവും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടില്ല.

അധികകാലം ഓഫീസിൽ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ 

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ  ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആ‍ഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

ബക്കറ്റ് പിരിവിന്റെ പേര് പറയുന്നവർ കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്തിയവർ ആണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയ്യാറായോ?. ഓഫീസ് ടൈമിൽ വോട്ട് ചോദിച്ചാണോ ഈ സഭയിൽ എല്ലാവരും ജയിച്ചെത്തിയത്.

ആരോഗ്യമന്ത്രി പറഞ്ഞത് സമർക്കാരോട് ഓഫീസ് ടൈമിൽ വരാനാണ്. അധികകാലം ഓഫീസിൽ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ആശ വർക്ക‍ർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സിക്കിംമിൽ 10000 രൂപയാണ് ഓണറേറിയം. അത് വീണ ജോർജ് പഠിച്ച ഇന്ത്യയുടെ മാപ്പിൽ ഇല്ല. എന്ത് പറഞ്ഞാലും കേരളത്തെക്കാൾ ദുർബലമായ സംസ്ഥാനങ്ങളുടെ കണക്ക് പറഞ്ഞാണ് ഇവരുടെ താരതമ്യം. കേന്ദ്രത്തിൽ നിന്ന് 98 കോടി രൂപ വാങ്ങിയെടുക്കാൻ പറ്റാത്ത കെ വി തോമസിന് യാത്ര ബത്ത കൂട്ടിയ സർക്കാർ ആണ്. ഫോൾസ് ഈഗോ സർക്കാർ വെടിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

കാമുകിയുടെ വാക്കുകേട്ട് മൂന്ന് മണിക്കൂര്‍ കൃത്രിമ പ്രസവവേദന; യുവാവിന്റെ ചെറുകുടല്‍ തകരാറിലായി

ഹെനാന്‍: കാമുകി പറഞ്ഞതുകേട്ട് മൂന്ന് മണിക്കൂറോളം കൃത്രിമ പ്രസവ വേദനയിലൂടെ കടന്നുപോയ യുവാവിന്റെ ചെറുകുടല്‍ തകരാറിലായി. ചൈനിയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് വിവാഹത്തിന് മുന്‍പ് കാമുകി കാമുകനെ കൊണ്ടുപോകുകയായിരുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രസവ വേദനയെക്കുറിച്ച് വിവാഹത്തിന് മുന്‍പ് യുവാവ് അറിഞ്ഞിരിക്കണം എന്ന് യുവതിയുടെ കുടുംബം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കാമുകി ഈ തീരുമാനത്തില്‍ എത്തിയത്. ആദ്യം യുവാവ് വിസമ്മതിച്ചെങ്കിലും ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

കാമുകിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് മണിക്കൂറോളമാണ് യുവാവ് കൃത്രിമ പ്രവസവേദനയിലൂടെ കടന്നുപോയത്. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി വേദന ഉയര്‍ത്തിക്കൊണ്ടുവരും. വേദന കൂടി കൂടി എട്ടാം ലെവലില്‍ എത്തിയപ്പോള്‍ യുവാവിന് കടുത്ത ബുദ്ധിമുട്ട് ഉണ്ടായെന്നും പത്താം ലെവലില്‍ എത്തിയപ്പോള്‍ യുവാവ് തളര്‍ന്ന് കരയാന്‍ തുടങ്ങിയെന്നും കാമുകി പറയുന്നു. അടിവയറിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞ യുവാവ് ഛര്‍ദ്ദിച്ചതായും കാമുകി പറഞ്ഞു.

‘ എന്റെ കാമുകന്‍ ലെവല്‍ 8 ല്‍ അലറാനും മല്ലിടാനും തുടങ്ങി, ലെവല്‍ 10 ല്‍ കരയാന്‍ ആരംഭിച്ചു. അവസാനം അവന് ശ്വാസം മുട്ടുന്നത് പോലെയായി. ഞാനും എന്റെ സഹോദരിയും അവന്റെ വിയര്‍പ്പ് തുടച്ചുകൊണ്ടേയിരുന്നു.’യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരാഴ്ച കഴിഞ്ഞിട്ടം യുവാവിന്റെ വയറുവേദന മാറിയില്ല. ഇതോടെയാണ് യുവാവ് വൈദ്യ സഹായം തേടിയത്.

കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ അനുഭവിക്കാന്‍ പോകുന്ന വേദനയെക്കുറിച്ച് കാമുകനെ ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവതി പറയുന്നത്. യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാഗം മുറിച്ച് നീക്കിയെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. യുവാവിനെ കാണാന്‍ വരേണ്ടെന്ന് അയാളുടെ അമ്മ യുവതിയോട് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സാധാരണ പ്രസവ വേദന പരമാവധി 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഈ കാമുകിക്കും അവളുടെ കുടുംബത്തിനും വട്ടാണെന്ന് തോന്നുന്നു എന്നാണ് ഒരാള്‍ പറഞ്ഞത്. പ്രസവം സങ്കീര്‍ണമായ ഒന്നാണ് ഒരു സിമുലേഷനും അത് അനുഭവിപ്പിക്കാന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പറയുന്നു

വയനാട് തുരങ്ക പാത നിർമാണം; അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.

പരിസ്ഥിതി ആഘാത സമിതിയുടെ ശിപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ കർശന ഉപാധിയോടെ അനുമതി നൽകിയിരിക്കുന്നത്.

മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തിയാകും മുന്നോട്ടുപോകുക. കൂടാതെ ടണല്‍ റോഡിന്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു.

തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറന്‍സ് നേരത്തെ ലഭിച്ചിരുന്നു.

തെളിവില്ല! തൃപ്പൂണിത്തുറയിൽ 14കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി : തൃപ്പൂണിത്തുറയിലെ 14കാരന്‍ മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍  അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്.  14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍   കുടുംബം റാഗിംഗ് പരാതി ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങുകയുമായിരുന്നു.

സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടു പോയി മർദിച്ചു. ക്ലോസറ്റ്‌ നക്കിച്ചു, മുഖം താഴ്ത്തി ഫ്ലഷ് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമ്മ പരാതി നല്‍കിയത്. 

എന്നാൽ കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

മിഹിര്‍ മരിച്ച് ഒന്നരമാസത്തോളമായിട്ടും റാഗിങ്ങില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തതിനപ്പുറം നിലവില്‍ സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ട് പോലും ഇല്ല.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അധ്യപകരുടെ മൊഴിയെടുത്തു. എന്നിട്ടും റാഗിങ്ങിന് തെളിവൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് ഭാഷ്യം. 

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.

കുട്ടി സ്കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗൺസിലിങ് നൽകി. ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പോലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.

കുട്ടി സ്കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗൺസിലിങ് നൽകി. ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പോലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.

ആശ്വാസദിനങ്ങള്‍ കഴിഞ്ഞു; സ്വർണവില വീണ്ടും 64,000ന് മുകളില്‍

വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 8000 കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിന്റെ നിരക്ക്. 70 രൂപയാൻ വര്‍ധിച്ചത്.

മാര്‍ച്ചിലെ ആദ്യ ദിനം തന്നെ ശുഭസൂചനയുടേതായിരുന്നു. ഗ്രാമിന് അന്ന് 80 രൂപ കുറഞ്ഞ് 63,520 ആയിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് ദിവസം വ്യാപാരം പുരോഗമിച്ചത് ഇതേ നിരക്കില്‍ തന്നെയായിരുന്നു. എന്നാല്‍ വീണ്ടും സ്വര്‍ണവില 64,000ന് മുകളിലേക്ക് കുതിക്കുന്നത് ആശങ്കയാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും

സിദ്ധാർഥൻ റാഗിംങ് കേസിലെ 2 വിദ്യാർഥികൾക്ക്  തുടർപഠനത്തിന് അനുമതി നൽകി പൂക്കോട് വെറ്ററിനറി കോളജ്

കൽപറ്റ;: സിദ്ധാർഥൻ റാഗിംങ് കേസിലെ  2 വിദ്യാർഥികൾക്ക് പുനഃപ്രവേശനം നൽകി പൂക്കോട് വെറ്ററിനറി കോളജ്.

കേസിലെ  പ്രതികൾക്കു തുടർപഠനത്തിന് അനുമതി നൽകിയതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ്, ശിക്ഷാനടപടികൾക്കു വിധേയരായ 2 വിദ്യാർഥികൾക്കു പുനഃപ്രവേശനം നൽകിയത്.

ഒരു വർഷത്തേക്കു പഠനവിലക്കേർപെടുത്തിയ 2022 ബാച്ച് വിദ്യാർഥികൾക്ക് 2023 വിദ്യാർഥികൾക്കൊപ്പം ഇനിമുതൽ ക്ലാസിൽ കയറാം. ശിക്ഷാ കാലാവധി കഴിഞ്ഞു തിരികെ ക്ലാസിലും ഹോസ്റ്റലിലും പ്രവേശനം നേടിയവരിൽ സിദ്ധാർഥനെ മർദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാതിരുന്നവരും ഉൾപ്പെടുന്നു.

ഇവർ ഇന്നലെ ക്യാംപസിലെത്തി പുന:പ്രവേശനനടപടികളുടെ ഭാഗമായി ഫീസ് അടച്ചെന്നാണു വിവരം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ, 3 പേർക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള അനുമതി നൽകിയും ഉത്തരവായി.

പ്രതിപ്പട്ടികയിൽ നിന്നു രാഷ്ട്രീയ സ്വാധീനത്താൽ ഒഴിവാക്കപ്പെട്ടെന്ന് സിദ്ധാർഥന്റെ മാതാപിതാക്കൾ ആരോപിച്ച വിദ്യാർഥിയും ഇക്കൂട്ടത്തിലുണ്ട്. 

ഉക്രെയ്നിനുള്ള സൈനിക സഹായം യു.എസ് റദ്ദാക്കുന്നു

വാഷിംഗ്ടണ്‍: ഉക്രെയ്നിനുള്ള സൈനിക സഹായം റദ്ദാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാന ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ബൈഡന്‍ ഭരണകൂടം അംഗീകരിച്ചതും പണം നല്‍കിയതുമായ സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഓപ്ഷനുകള്‍ ട്രംപ് പരിഗണിക്കുന്നതായാണ് സൂചന.

ഇതിനായി മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്സെത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഉപദേശകരെ കാണുന്നത്.

ചില ഉപദേഷ്ടാക്കള്‍ സെലെന്‍സ്‌കിക്കും ഉക്രെയ്നിനുമെതിരെ ‘തീവ്രമായ നിലപാടുകള്‍’ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമാധാന കരാറിലെത്തിയ ശേഷം സെലെന്‍സ്‌കി രാജി വെക്കുമെന്നാണ് മറ്റ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഇത് റഷ്യയുടെ പ്രധാന ഉപാധികളിലൊന്നാണ്. ഉക്രെയ്‌നിലെ പോരാട്ടം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള യൂറോപ്പിന്റെ പദ്ധതി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കെയര്‍ സ്റ്റാര്‍മറിനോടും ഇമ്മാനുവല്‍ മാക്രോണിനോടും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

റഷ്യയ്ക്ക് ഒരു ഉക്രേനിയന്‍ ഭൂമി പോലും നല്‍കാത്ത ഏക യു.എസ് പ്രസിഡന്റ് താനാണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഭാവി സമാധാന ചര്‍ച്ചകളില്‍ കീവിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ അയയ്ക്കുന്നത് തുടരണമെന്ന് സെലെന്‍സ്‌കി യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ഉക്രെയ്‌നിനായി പുതിയ ആയുധ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ പ്രഖ്യാപിച്ച സഹായം നിര്‍ത്തിവെച്ചിട്ടുമില്ല.

കഫക്കെട്ടും ശ്വാസ തടസവും; മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി

ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വർധിച്ചതിനെ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തി. ആരോഗ്യനില വീണ്ടെടുത്തെന്ന ആശ്വാസ വാർത്തകൾക്കിടെയാണ് സ്ഥിതി വീണ്ടും മോശമായത്.

വെള്ളിയാഴ്ച ഛർദിയും ശ്വാസതടവും നേരിട്ടതിനെ തുടർന്നാണ് ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാർപാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഫ്രാൻസിസ് മാർപാപ്പ. ബൈലാറ്ററൽ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്റിബയോട്ടിക് ചികിത്സ നൽകി വരികയാണ്.

വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. വിഭൂതി ബുധനാഴ്ച ചടങ്ങിന് മാർപാപ്പ നേതൃത്വം നൽകില്ലെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.

മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

സാമൂഹികമാധ്യമ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ നടപടിവേണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും എന്നാല്‍ സെന്‍സര്‍ഷിപ്പിനെതിരെ ജാഗ്രത വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പോഡ്കാസ്റ്റ് തുടരാന്‍ അനുമതി തേടി ഇന്‍ഫ്‌ളുവന്‍സര്‍ രണ്‍വീര്‍ അലഹാബാദിയ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ഇത്തരം നിയന്ത്രണത്തിനായി കൊണ്ടു വരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ സമക്ഷം അവതരിപ്പിക്കുകയും ജനങ്ങളുടെ നിര്‍ദേശം പരിഗണിക്കുകയും വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിയന്ത്രണം സമവായത്തിലൂടെ കൊണ്ടുവരണം. ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള നടപടി സെന്‍സര്‍ഷിപ്പിലേക്ക് നയിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സാമൂഹികമാധ്യമങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും കൂട്ടികള്‍ക്കുമുന്നില്‍ എല്ലാം തുറന്നിട്ടിരിക്കുന്ന അവസ്ഥയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

ഏഴാറ്റുമുഖം ഗണപതിക്ക് പരിക്ക്

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനക്ക് ശേഷം മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി റിപ്പോർട്ട്.

ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന് പരിക്കേറ്റത്.

ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ മിഥുൻ , ഡോക്ടർ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്

ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടർ വനപാലകരെ അറിയിച്ചു.  ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡി എഫ്ഒയ്ക്ക് സമർപ്പിക്കും. ഡോക്ടർമാർ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

2 താലുക്കുകൾക്ക് നാളെ പ്രാദേശിക അവധി, ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിന്‍റെ മിനുക്കുപണികൾ അവസാന ഘട്ടത്തിൽ

ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. കാഴ്ച്ച കണ്ടത്തിൽ ദേവിക്ക് മുന്നിൽ അണിനിരക്കാൻ പതിമൂന്ന് കരകളിലായി ഭീമനും ഹനുമാനും കുതിരകളും തേരുകളുമൊക്കെ അണിയിച്ചൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഓണാട്ടുകരയ്ക്കാകെയൊരു കുത്തിയോട്ടപാട്ടിന്റെ താളമാണ് ഇപ്പോൾ.

പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്ര ഉത്സവം നാളെ, ബത്തേരിയില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തി; അറിയേണ്ടതെല്ലാം

13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാർ ഈ ദിവസങ്ങളിൽ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.