ഹെനാന്‍: കാമുകി പറഞ്ഞതുകേട്ട് മൂന്ന് മണിക്കൂറോളം കൃത്രിമ പ്രസവ വേദനയിലൂടെ കടന്നുപോയ യുവാവിന്റെ ചെറുകുടല്‍ തകരാറിലായി. ചൈനിയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് വിവാഹത്തിന് മുന്‍പ് കാമുകി കാമുകനെ കൊണ്ടുപോകുകയായിരുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രസവ വേദനയെക്കുറിച്ച് വിവാഹത്തിന് മുന്‍പ് യുവാവ് അറിഞ്ഞിരിക്കണം എന്ന് യുവതിയുടെ കുടുംബം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കാമുകി ഈ തീരുമാനത്തില്‍ എത്തിയത്. ആദ്യം യുവാവ് വിസമ്മതിച്ചെങ്കിലും ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
കാമുകിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് മണിക്കൂറോളമാണ് യുവാവ് കൃത്രിമ പ്രവസവേദനയിലൂടെ കടന്നുപോയത്. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി വേദന ഉയര്‍ത്തിക്കൊണ്ടുവരും. വേദന കൂടി കൂടി എട്ടാം ലെവലില്‍ എത്തിയപ്പോള്‍ യുവാവിന് കടുത്ത ബുദ്ധിമുട്ട് ഉണ്ടായെന്നും പത്താം ലെവലില്‍ എത്തിയപ്പോള്‍ യുവാവ് തളര്‍ന്ന് കരയാന്‍ തുടങ്ങിയെന്നും കാമുകി പറയുന്നു. അടിവയറിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞ യുവാവ് ഛര്‍ദ്ദിച്ചതായും കാമുകി പറഞ്ഞു.
‘ എന്റെ കാമുകന്‍ ലെവല്‍ 8 ല്‍ അലറാനും മല്ലിടാനും തുടങ്ങി, ലെവല്‍ 10 ല്‍ കരയാന്‍ ആരംഭിച്ചു. അവസാനം അവന് ശ്വാസം മുട്ടുന്നത് പോലെയായി. ഞാനും എന്റെ സഹോദരിയും അവന്റെ വിയര്‍പ്പ് തുടച്ചുകൊണ്ടേയിരുന്നു.’യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരാഴ്ച കഴിഞ്ഞിട്ടം യുവാവിന്റെ വയറുവേദന മാറിയില്ല. ഇതോടെയാണ് യുവാവ് വൈദ്യ സഹായം തേടിയത്.
കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ അനുഭവിക്കാന്‍ പോകുന്ന വേദനയെക്കുറിച്ച് കാമുകനെ ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവതി പറയുന്നത്. യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാഗം മുറിച്ച് നീക്കിയെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. യുവാവിനെ കാണാന്‍ വരേണ്ടെന്ന് അയാളുടെ അമ്മ യുവതിയോട് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സാധാരണ പ്രസവ വേദന പരമാവധി 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഈ കാമുകിക്കും അവളുടെ കുടുംബത്തിനും വട്ടാണെന്ന് തോന്നുന്നു എന്നാണ് ഒരാള്‍ പറഞ്ഞത്. പ്രസവം സങ്കീര്‍ണമായ ഒന്നാണ് ഒരു സിമുലേഷനും അത് അനുഭവിപ്പിക്കാന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പറയുന്നു

