ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാൻ, ഒരു കാർ; രാത്രി വാഹനങ്ങൾ മോഷ്ടിച്ച് അതിർത്തി കടത്തും, 5 പേർ പിടിയിൽ

0

ചേർപ്പ്: അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി തൃശ്ശൂർ റൂറൽ പൊലീസ്. തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കം 5 പേരെയാണ് ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാനുകൾ, ഒരു കാറുമടക്കം 4 വാഹനങ്ങളുമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ  രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 

പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35) നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പോലിസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയതി ചേർപ്പ് പാറക്കോവിലിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഈ മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

അന്വേഷണ സംഘം നടത്തിയ വിപുലമായ അന്വേഷണത്തിൽ മോഷണ സ്ഥലത്ത് അസ്വഭാവികമായി കണ്ട ഒരു വാഹനം  കണ്ടെത്തി. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ ഒട്ടേറെ പേരുള്ള മോഷണ  സംഘത്തിലെ അംഗമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.  കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഫെബ്രുവരി 27ന്  മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ കേസിലും അന്വേഷണം നടന്നുവരവെയാണ് പൊലീസ് സംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടിയത്.  ഇതേ സമയം തന്നെ ചാലക്കാടി ഡിവൈഎസ്പി സുമേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘാം  മണ്ണുത്തി ഭാഗത്തു നിന്നും  വിജിത്ത്, രഞ്ജിത്ത്, സുനീഷ് , വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടി.

പകൽ വാഹനങ്ങൾ കണ്ടെത്തി അർദ്ധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്നാണ് വാഹനങ്ങൾ മോഷ്ടിക്കും. പിന്നീട്  മോഷ്ടിച്ച വാഹനങ്ങൾ സജിത്തിന്  കൈമാറും. സജിത്ത് വാഹനങ്ങൾ മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. രണ്ടുമൂന്നു മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി പൊലീസ് കണ്ടെത്തി.

പുതുക്കാട്  നിന്നും മോഷ്ടിച്ച ഒരു കണ്ടയ്നർ ലോറി, കൊടകര,  ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ച ദോസ്ത് പിക്ക് അപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ രഞ്ജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി  6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ 2021 ൽ 2 അടിപിടിക്കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തിൽ വെച്ച് കടുവയെ കണ്ടത്.

വെറ്റനറി ഡോ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ മയക്കുവെടി വെച്ചത്.

കടുവയെ ചികിത്സക്കായി തേക്കടിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകും.

വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്. 

ലഹരിക്ക് അടിമയായവരെ ഇരയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലഹരിക്ക് അടിമയായവരെ ഇരയായി തന്നെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുരീതിയില്‍ ഇതിനെ ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

‘നമുക്ക് എല്ലാവർക്കും ഇക്കാര്യത്തില്‍ ഒരുമിച്ച്‌ നില്‍ക്കാൻ സാധിക്കണം. പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണം. ലഹരിയ്ക്ക് അകപ്പെട്ടുപോകുന്നവരെ അതില്‍നിന്ന് മുക്തരാക്കാൻ ചിലപ്പോള്‍ ഡീ അഡിക്ഷൻ സെന്ററുകളില്‍ കൊണ്ടുപോകേണ്ടി വരും.

മറ്റു നടപടികളും ആവശ്യമാണ്. ഇവരെ മുക്തരാക്കേണ്ടതിനൊപ്പം ലഹരി വ്യാപനം തടയുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രധാനം. അതിന് നമുക്ക് കൂട്ടായി കടക്കാൻ പറ്റണം’, മുഖ്യമന്ത്രി വ്യക്തമാക്കി.

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി; നിയമ സാധുതയില്ലെന്ന് ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിൻ്റെ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാൽ മനസിരുത്തിയല്ല സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി പറ‍ഞ്ഞു. കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.

നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാർ ആണെന്ന് കമ്മിഷൻ‌ ചെയർമാൻ ജസ്റ്റിസ്‌ രാമചന്ദ്രൻ നായർ പറഞ്ഞു. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായികരിച്ചതും സർക്കാർ ആണെന്നും ജസ്റ്റിസ്‌ രാമചന്ദ്രൻ നായർ പറഞ്ഞു. അതേസമയം സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് തീരുമാനം.

വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക മറുപടിയും നൽകുകയുണ്ടായിരുന്നു. രാമചന്ദ്രന്‍ നായര്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മിഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും; മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15 ന് ആകും മടക്കയാത്ര ആരംഭിക്കുക. ബുധനാഴ്ച പുലർച്ചെ 3.27ന് യാത്രികർ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യും.

സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒൻപത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങിയെത്തും. നിക്ക് ഹേഗ് ,അലക്സാണ്ടർ ഗോർബുനേവ് എന്നീ യാത്രികരും മടങ്ങും. ഫ്ലോറിഡയുടെ തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലാകും യാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകം സ്പ്ലാഷ് ഡൌൺ ചെയ്യുക.

എന്നാൽ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ മടക്കയാത്രയുടെ കൃത്യമായ സമയം പാലിക്കാനാകൂ. നിലവിൽ ഹാൻഡ് ഓവർ ഡ്യൂട്ടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും നാസ അറിയിച്ചു.സുനിതയുടേയും സംഘത്തിന്റെയും മടക്കയാത്ര ലൈവ് സംപ്രേക്ഷണം ചെയ്യുമെന്നും നാസ അറിയിച്ചു. സുനിത വില്യംസും,ബുച്ച് വിൽമോറും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുന്നവിഡിയോ ഇലോൺ മസ്ക് പങ്കുവെച്ചു.

യാത്രികരെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ഇന്നലെ ക്രൂ -10 ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. അത്ഭുത നിമിഷമെന്നാണ് പുതിയ യാത്രികരെ സ്വീകരിച്ച് സുനിത വില്യംസ് പറഞ്ഞത്. പേടകത്തിൽ എത്തിയ നാലംഗ സംഘം ആറ് മാസം ബഹിരാകാശ നിലയത്തിൽ തുടരും.

സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്; നടുറോഡില്‍ ഇരുന്നും കിടന്നും പ്രതിഷേധം

സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.

കേരള ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടേത് ജീവിക്കാനുളള സമരമെന്നും ആശയറ്റവരുടെ സമരമാണിതെന്നും
ഉപരോധ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കെ കെ രമ പറഞ്ഞു. നാടു ഭരിക്കുന്നത് ഹൃദയമില്ലാത്ത ഭരണാധികാരിയെന്നും ഇത്തരക്കാര്‍ക്ക് മുന്നില്‍ സമരം ചെയ്താല്‍ സമരക്കാര്‍ തോറ്റു പോകുമെന്നും കെ കെ രമ പറഞ്ഞു.

രാപ്പകല്‍ സമരത്തിന്റെ 36ാം ദിവസമാണ് പ്രതിഷേധം ആശമാര്‍ ശക്തമാക്കിയത്. ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ഇവര്‍ക്കായ് പരിശീലന പരിപാടിസംഘടിപ്പിച്ച് സമരം പൊളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വഴി ആശാവര്‍ക്കര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില ഉള്‍പ്പെടെ കൃത്യമായ അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സമരം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വ്യക്തമാക്കുന്നതാണ് ഇതെന്ന് ആശമാര്‍ ആരോപിച്ചു.

കൃഷ്ണകുമാറിന് വക്കീൽ നോട്ടീസയച്ച് സുരേഷ് ബാബു

പാലക്കാട്: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ   സുരേഷ് ബാബു.

കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയച്ചത്.  പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

  എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസിൽ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം.

സിപിഎം പുതുശേരി ഏരിയയിലെ മുൻ സെക്രട്ടറിക്ക് കൈക്കൂലിയായി കമ്പനി നൽകിയത് ഇന്നോവ ക്രിസ്റ്റ കാറാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഒരു കോടി സംഭാവന നൽകി. ജില്ലയിലെ കോൺഗ്രസിന്‍റെ നേതാവിന്  25 ലക്ഷം രൂപ വ്യക്തിപരമായും നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ ആരിൽ നിന്നാണ് സ്വീകരിച്ചത്? എന്തിനു സ്വീകരിച്ചുവെന്ന് ഇരുപാർട്ടികളും വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

കൊടും ചൂട്; മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുകയാണ്. പല സ്ഥലങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടത്.

അതേസമയം ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയില്‍ ആണ്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്. വിളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവടങ്ങളിള്‍ ആറ് മുതല്‍ 7 വരെയാണ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മടം, കാസര്‍കോട് പ്രദേശങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക ഗുരുതരമായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ആശ്വാസം; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവന്റെ വില 65,680 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6760 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. 

ലാറയും സ്മിത്തും പുറത്ത്! ഇന്ത്യക്കെതിരെ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വിന്‍ഡീസിന് പതിഞ്ഞ തുടക്കം

0

റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. ലെന്‍ഡല്‍ സിമോണ്‍സ് (11), രവി രാംപോള്‍ (2) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ (6), വില്യം പെര്‍ക്കിന്‍സ് (6), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46), എന്നിവരാണ് പുറത്തായത്. ഷഹ്ബാസ് നദീം രണ്ട് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാറിന് ഒരു വിക്കറ്റുണ്ട്.  

ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ലാറ – സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗള്ളിയില്‍ പവന്‍ നേഗിക്കായിരുന്നു ക്യാച്ച്. ഏഴാം ഓവറില്‍ പെര്‍ക്കിന്‍സും മടങ്ങി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അധികം വൈകാതെ അപകടകാരിയായ സ്മിത്തിനെ തിരിച്ചയക്കാനും നദീമിന് സാധിച്ചു. രണ്ട് സിക്‌സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി വിന്‍ഡീസ്. 

നേരത്തെ ടോസ് നേടിയ ലാറ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, വില്യം പെര്‍കിന്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍, ദിനേഷ് രാംദിന്‍ (ക്യാപ്റ്റന്‍), ആഷ്ലി നഴ്സ്, ടിനോ ??ബെസ്റ്റ്, ജെറോം ടെയ്ലര്‍, സുലൈമാന്‍ ബെന്‍, രവി രാംപോള്‍.

ഇന്ത്യ മാസ്റ്റേഴ്സ്: അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന്‍ നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഗുര്‍കീരത് സിംഗ് മന്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി.

ഹോളി ആഘോഷിച്ചു, മുഹമ്മദ് ഷമിയുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി മുമ്പ് വിമര്‍ശനമുന്നയിച്ച ഇസ്ലാമിക പണ്ഡിതന്‍

ഇന്ത്യ മാസ്റ്റേഴ്‌സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടം ടിവിയില്‍ കളേഴ്‌സ് സിനിപ്ലക്‌സിലും കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പര്‍ ഹിറ്റ് ചാനലിലും തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

ഓപ്പറേഷന്‍ ഡി-ഹണ്ട് : 193 കഞ്ചാവ് ബീഡി, 26 ഗ്രാം എംഡിഎംഎ, സംസ്ഥാനത്ത് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത് 284 പേരെ

0

തിരുവനന്ത‌പുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 15) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം),  കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

താമസിക്കുന്ന ഷെഡ്ഡിനടുത്ത് സ്വന്തം ‘കൃഷി’, 2 തൈകൾ കണ്ടെത്തി, കട്ടിലനടിയിൽ ഉപയോഗിക്കാൻ പാകമായ കഞ്ചാവ്, അറസ്റ്റ്

0

ആലപ്പുഴ: ചേർത്തലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികൾ വളർത്തിയ ആളെ എക്സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. 65 സെമി നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പിഎം സുമേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ബിനേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെപി സുരേഷ്, ജി മനോജ് കുമാർ, ജി മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെഎ തസ്ലിം, സിസി ശ്രീജിത്ത്, എപി അരുൺ, ശ്രീലാൽ.എംസി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ.എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) വി.എസ്.ബെൻസി എന്നിവരും പങ്കെടുത്തു.

അതേസമയം, കരുനാഗപ്പള്ളി പാവുമ്പയിൽ 23 ലിറ്റർ വ്യാജമദ്യവും 57 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഉൾപ്പെടെ 80 ലിറ്റർ മദ്യവുമായി അനധികൃത മദ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. പാവുമ്പ സ്വദേശി വിജയൻ(39) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെജി രഘുവും പാർട്ടിയും ചേർന്നാണ് മദ്യ ശേഖരം പിടികൂടിയത്. പാർട്ടിയിൽ വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, കിഷോർ, ജിനു തങ്കച്ചൻ, അൻസാർ എന്നിവരും ഉണ്ടായിരുന്നു. 

ഹോളി ആഘോഷിച്ചു, മുഹമ്മദ് ഷമിയുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി മുമ്പ് വിമര്‍ശനമുന്നയിച്ച ഇസ്ലാമിക പണ്ഡിതന്‍

ദില്ലി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാവദങ്ങളുണ്ടായിരുന്നു. വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ചോദിക്കുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ്വിയുടെ പ്രസ്താവന ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി. അദ്ദേഹം ഒരിക്കല്‍കൂടി ഷമിക്കും അദ്ദേഹത്തിന്റെ മകള്‍ക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ്. ഷമിയുടെ മകള്‍ ഹോളി ആഘോഷിച്ചതിനെ കുറിച്ചാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഷമിയുടെ മകള്‍ ഹോളി ആഘോഷിച്ചത് ശരിയത്തിന് വിരുദ്ധവുമാണെന്ന് റിസ്‌വി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ ഷമിയുടെ മകള്‍ക്ക് അതിനെ കുറിച്ച് അറിവുണ്ടെങ്കില്‍ ഹോളി കളിക്കുന്നത് കുറ്റകരമാണെന്നും ശരിയത്തിനെതിരെ പരിഗണിക്കുമെന്നും റിസ്വി പറഞ്ഞു. ”അവള്‍ ചെറിയ പെണ്‍കുട്ടിയാണ്. അത് മനസ്സിലാകാതെ അവള്‍ ഹോളി കളിച്ചാല്‍ അത് കുറ്റകരമല്ല. എന്നാല്‍ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താല്‍ അത് ശരിയത്തിനെതിരെ പരിഗണിക്കും.” അദ്ദേഹം പറഞ്ഞു. 

മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: ഇന്ത്യക്ക് ടോസ് നഷ്ടം; സച്ചിനും ലാറയും നേര്‍ക്കുനേര്‍, മത്സരം കാണാന്‍ ഈ വഴികള്‍

ചാംപ്യന്‍സ് ട്രോഫിക്കിടെ വെള്ളം കുറിച്ചതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരെത്തി. താരത്തിന്റെ പരിശീലകനായ ബദ്റുദ്ദീന്‍ സിദ്ദീഖ് ഷമിക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്തു. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കി. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഹമ്മദ് ഷമിയുടെ പരിശീലകന്‍ ബദ്റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു.

താരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്തവ് ഷമ മുഹമ്മദ് രംഗത്തെത്തിയതും ശ്രദ്ധേയമായി. റംസാന്‍ വ്രതം അനുഷ്ടിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഇതിനിടെ റംസാന്‍ വ്രതം അനുഷ്ടിക്കാത്തതിനെ ന്യായീകരിക്കരുതെന്ന് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ എക്സില്‍ കുറിച്ചു. വ്രതമനുഷ്ടിച്ച് വ്യായാമം നടത്തിയതിന്റെ വീഡിയോ പങ്കുവച്ചായിരുന്നു ഷുഹൈബ് അക്തറിന്റെ ഒളിയമ്പ്.

കരുവന്നൂർ  കേസ്; കെ രാധാകൃഷ്ണൻ എം പി നാളെ ഇ ഡി ക്ക് മുമ്പിൽ ഹാജരായേക്കും

ഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പി നാളെ ഇ ഡി ക്ക് മുമ്പിൽ ഹാജരായേക്കുമെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല.

പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനൽകിയിരുന്നു. ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു.

പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി ഇന്നലെ വീണ്ടും കെ രാധാകൃഷ്ണന് സമൻസ് നൽകിയിരുന്നു. നാളെ വൈകിട്ട് ഇ ഡി യുടെ ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസിലെ നിർദ്ദേശം.

എന്നാൽ സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നായിരുന്നു കെ രാധാകൃഷ്ണൻ്റെ വിമർശനം. 

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ആധാർ കാർഡും വോട്ടര്‍ ഐഡി കാര്‍ഡും കേന്ദ്രം ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് നിർണായക നീക്കം.

വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ‌ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം. 

ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികൾ ഉയരാതിരിക്കാനാണ് നീക്കം.

2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സർക്കാർ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.