പത്തനംതിട്ട: പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷൻ എൻ.രാജീവിനെ സസ്പെൻഡ് ചെയ്തു. പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണു നടപടി. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണു സിഡബ്ല്യുസി ജില്ലാ അധ്യക്ഷനെ ബാലനീതി ചട്ടങ്ങൾ പ്രകാരം സസ്പെൻഡ് ചെയ്തത്. എൻ.രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടർന്നു വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിൽ വിശദമായ അന്വേഷണം നടത്താൻ കലക്ടർ എസ്.പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടിയുടെ കുടുംബ പശ്ചാത്തലം, രക്ഷിതാക്കളുടെ തൊഴിൽ, ജാതി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയെന്നു എൻ.രാജീവ് സമ്മതിച്ചതായി കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ പോക്സോ കേസ് പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തിയതിന് ഡിജിറ്റൽ തെളിവുകളുണ്ടെന്നു കലക്ടർ അറിയിച്ച കാര്യവും സസ്പെൻഷൻ ഉത്തരവിലുണ്ട്. ജില്ലയിലെ മറ്റൊരു പോക്സോ കേസിൽ സംഭവം പോലീസിൽ അറിയിക്കാതെ നേരിട്ട് കൈകാര്യം ചെയ്യാനും ശ്രമിച്ചു.
ഈ കേസിലെ പ്രതിക്ക് ഒത്തുതീർപ്പിനായി അവസരം നൽകിയെന്നും ആരോപണം ഉയർന്നിരുന്നു. അതേസമയം, തനിക്കെതിരെ ഉയർന്ന പരാതി അടിസ്ഥാന രഹിതമാണെന്നും പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എൻ.രാജീവ് പറഞ്ഞു. നിലവിൽ സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് എൻ.രാജീവ്.
