പുതിയ ന്യൂനമർദ്ദം: കേരളത്തിൽ മഴ കൂടുതൽ ശക്തമാകും

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും കോതമംഗലം, ഇരിട്ടി താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജോയിന്റ് ഡയറക്ടർ (പരീക്ഷ) അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്തു വീണ്ടും മഴ ശക്തമാകുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കനത്ത മഴയിൽ കല്ലാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നൂൽപ്പുഴ പുഴംകുനി ഉന്നതിയിൽ വെള്ളംകയറി. എട്ടു പേരെ ക്യാംപിലേക്കു മാറ്റി. കൂടുതൽ കുടുംബങ്ങളെ ഉടൻ ക്യാംപിലേക്കു മാറ്റുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here