കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മൊഴി നൽകാൻ ആരെയും എസ്‌ഐടി നിർബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്‌ഐടിയുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
എസ്‌ഐടിക്ക് മുന്നിൽ മൊഴി നൽകാൻ അതിജീവിതർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകി.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ എന്നിട്ടും എസ്‌ഐടി അന്വേഷണവുമായി സഹകരിച്ചില്ല. തുടർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട നിയമം തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുത്. പുതിയ നിയമം നിലവിൽ വരുന്നതുവരെ കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

