തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകൾ കിട്ടിയിട്ടില്ലെന്നു പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പരാതിക്കാരിയെ തട്ടികൊണ്ടു പോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ടിൽ പൊലീസ് അറിയിച്ചിരിക്കുന്നത്.
കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാണു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ച പറയും.
ജീവനക്കാർ സ്ഥാപനത്തിൽനിന്നു പണം വെട്ടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ കേസെടുത്തതിനു പിന്നാലെ കൃഷ്ണകുമാറും മകളും ചേർന്നു തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ചു ജീവനക്കാരും പരാതി നൽകുകയായിരുന്നു.
ഇതിനിടെ, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റി. പൊലീസ് റിപ്പോർട്ടിലെ വ്യക്തതക്കുറവു കാരണമാണു നടപടി. കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭർത്താവും നാലാം പ്രതിയുമായ ആദർശിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

