‘പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല’: ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ‘പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല’-എന്ന ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പോസ്റ്റ്. എഴുത്തുകാരി അന്ന ഗൌക്കറുടെ പുസ്തകമാണ് ഡോണ്ട് ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ.

അല്‍പ്പസമയം മുന്‍പാണ് തരൂരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ പറഞ്ഞത്. ‘ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും?’- മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.

തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ഖര്‍ഗെ പരിഹസിച്ചു. രാജ്യത്തിന്റെ ഐക്യമാണ് കോണ്‍ഗ്രസിന് വലുതെന്നും വേറെ ആര്‍ക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ഖര്‍ഗെ കൂട്ടിച്ചേർത്തു. തരൂരിന്റെ നിരന്തരമുളള മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം പുകയുകയാണ്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങിയേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here